പെണ്‍കുട്ടികള്‍ക്ക് മാസം 2500 രൂപ വരെ സ്‌റ്റൈപന്‍ഡ്, ശൈശവ വിവാഹത്തെ പ്രതിരോധിക്കാന്‍ പുതിയ പദ്ധതി പ്രഖ്യാപിച്ച് അസം സര്‍ക്കാര്‍

'മുഖ്യമന്ത്രി നിജുത് മൊയ്ന' എന്നു പേരിട്ട പദ്ധതി പ്രകാരം ഓരോ വിദ്യാര്‍ത്ഥിനിക്കും പരമാവധി 2500 രൂപ വരെയാണ് നല്‍കുന്നത്.

ഗുവാഹത്തി: ശൈശവ വിവാഹത്തെ പ്രതിരോധിക്കാന്‍ പ്ലസ് വണ്‍ മുതല്‍ പിജി വരെ പഠിക്കുന്ന പെണ്‍കുട്ടികള്‍ പ്രതിമാസ ധനസഹായം പ്രഖ്യാപിച്ച് അസം സര്‍ക്കാര്‍. ‘മുഖ്യമന്ത്രി നിജുത് മൊയ്ന’ എന്നു പേരിട്ട പദ്ധതി പ്രകാരം ഓരോ വിദ്യാര്‍ത്ഥിനിക്കും പരമാവധി 2500 രൂപ വരെയാണ് നല്‍കുന്നത്.

കഴിഞ്ഞ ഫെബ്രുവരിയില്‍ മാത്രം 5000 ത്തോളം പേരെ ശൈശവ വിവാഹ നിരോധന നിയമ പ്രകാരം അസമില്‍ അറസ്റ്റ് ചെയ്‌തെന്നാണ് കണക്കുകള്‍. പുതിയ പദ്ധതിയിലൂടെ സംസ്ഥാനത്തെ രണ്ട് ലക്ഷം പെണ്‍കുട്ടികളെ കൂടി വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ എത്തിക്കാന്‍ കഴിഞ്ഞേക്കുമെന്ന് അസം മുഖ്യമന്ത്രി ഹിമന്ത് ബിശ്വ ശര്‍മ്മ വാര്‍ത്താ സമ്മേളനത്തില്‍ പ്രതീക്ഷ പ്രകടിപ്പിച്ചു.

ALSO READ കുവൈറ്റിൽ മലയാളികൾ താമസിക്കുന്ന തൊഴിൽ ക്യാംപിൽ വൻതീപിടുത്തം; 35 പേർ മരിച്ചു;നിരവധിപേർക്ക് പരിക്ക്

1500 കോടി രൂപയാണ് പദ്ധതിക്കായി അഞ്ച് വര്‍ഷത്തേക്ക് കണക്കാക്കുന്ന ചിലവ്. ഏതാണ്ട് 10 ലക്ഷം പെണ്‍കുട്ടികള്‍ക്ക് ഗുണം ലഭിക്കും. പി.ജി ക്ലാസുകള്‍ക്ക് മുമ്പ് വിവാഹിതരാവുന്ന പെണ്‍കുട്ടികള്‍ക്ക് സാമ്പത്തിക സഹായം ലഭിക്കില്ല. പിജി ക്ലാസുകളില്‍ വിവാഹിതര്‍ക്കും സ്‌റ്റൈപെന്‍ഡിന് അര്‍ഹതയുണ്ടാവും.

പെണ്‍കുട്ടികളുടെ വിവാഹം വൈകിപ്പിക്കാനും അതുവഴി അവരെ സാമ്പത്തിക സ്വാതന്ത്ര്യത്തിലേക്ക് എത്തിക്കാനും, തനിക്കും കുടുംബത്തിനും വേണ്ടി സമ്പാദിക്കാന്‍ അവരെ പ്രാപ്തമാക്കുകയും മാത്രമാണ് പദ്ധതിയുടെ ഒരേയൊരു ലക്ഷ്യമെന്ന് മുഖ്യമന്ത്രി പറഞ്ഞു.

പ്ലസ് വണ്‍, പ്ലസ് ടു ക്ലാസുകളില്‍ പഠിക്കുന്നവര്‍ക്ക് മാസം 1000 രൂപ വീതവും ഡിഗ്രി ക്ലാസുകളില്‍ പഠിക്കുന്നവര്‍ക്ക് മാസം 1250 രൂപ വീതവും പി.ജി ക്ലാസുകളിലെ വിദ്യാര്‍ത്ഥിനികള്‍ക്ക് മാസം 2500 രൂപ വീതവുമാണ് സ്‌റ്റൈപെന്‍ഡ് ലഭിക്കുക.

Exit mobile version