20 റൗണ്ടോളം നീണ്ട വെടിവയ്പ്പ്, ജ്വല്ലറി കവര്‍ച്ചക്കെത്തിയ 7 കള്ളന്മാരെ ഒറ്റയ്ക്ക് നേരിട്ട് പോലീസുകാരന്‍! വീഡിയോ

വെസ്റ്റ് ബെംഗാള്‍ പോലീസിലെ സബ് ഇന്‍സ്‌പെക്ടറായ മേഘ്‌നാഥ് മൊണ്ടാലാണ് മോഷ്ടാക്കളെ തുരത്തിയോടിച്ചത്.

കൊല്‍ക്കത്ത: ജ്വല്ലറി കവര്‍ച്ചക്കെത്തിയ 7 കള്ളന്മാരെ ഒറ്റയ്ക്ക് നേരിട്ട പോലീസുകാരന്റെ വീഡിയോയാണ് സോഷ്യല്‍ മീഡിയയില്‍ ഇപ്പോള്‍ വൈറലായിരിക്കുന്നത്. വെസ്റ്റ് ബെംഗാള്‍ പോലീസിലെ സബ് ഇന്‍സ്‌പെക്ടറായ മേഘ്‌നാഥ് മൊണ്ടാലാണ് മോഷ്ടാക്കളെ തുരത്തിയോടിച്ചത്.

ഒരു മെഷീന്‍ ഗണ്‍, റൈഫില്‍, പിസ്റ്റള്‍ എന്നിങ്ങനെ മാരക ആയുധങ്ങളുമായാണ് ജ്വല്ലറിയിലേക്ക് മോഷണ സംഘമെത്തിയത്. ബൈക്കുകളിലെത്തിയ സംഘം ജ്വല്ലറിയിലേക്ക് ഇരച്ച് കയറി. അപ്രതീക്ഷിത ആക്രമണത്തില്‍ അമ്പരന്ന ജീവനക്കാരെ തോക്ക് ചൂണ്ടി ഭീഷണിപ്പെടുത്തിയ സംഘം സ്വര്‍ണാഭരണങ്ങള്‍ കവര്‍ന്നു. രണ്ട് ബാഗുകളിലാക്കിയ സ്വര്‍ണവുമായി ബൈക്കില്‍ രക്ഷപ്പെടാനൊരുങ്ങിയ സംഘത്തെ സബ് ഇന്‍സ്‌പെക്ടറായ മേഘ്‌നാഥ് മൊണ്ടാല നേരിടുകയായിരുന്നു.

ജ്വല്ലറിക്ക് തൊട്ടുത്തുള്ള ഔട്ട് പോസ്റ്റിലായിരുന്നു മേഘ്‌നാഥ് മൊണ്ടാലയ്ക്ക് ഡ്യൂട്ടി. സംഭവ സമയത്ത് വ്യക്തിപരാമായ ആവശ്യത്തിനായി ജ്വല്ലറിക്ക് സമീപത്തെത്തിയതായിരുന്നു അദ്ദേഹം. ആ സമയത്താണ് മോഷണ ശ്രമം ശ്രദ്ധയില്‍ പെടുന്നത്. ഇതോടെ കൈവശമുണ്ടായിരുന്ന സര്‍വ്വീസ് റിവോള്‍വര്‍ ഉപയോഗിച്ച് മോഷ്ടാക്കളെ തടയുകയായിരുന്നു.

തനിക്ക് നേരെ വെടിയുതിര്‍ത്ത തോക്കുധാരികളായ മോഷ്ടാക്കളെ ഒരു വൈദ്യുതപോസ്റ്റിന്റെ മറവില്‍ നിന്നാണ് മേഘ്‌നാഥ് തിരിച്ചടിച്ചത്. 20 റൗണ്ടോളം നീണ്ട വെടിവയ്പ്പ്. ഒടുവില്‍ മേഘ്‌നാഥ് എന്ന പൊലീസുകാരന് മുന്നില്‍ പിടിച്ചു നില്‍ക്കാനാകാതെ കവര്‍ച്ചാസംഘം രക്ഷപ്പെട്ടു. ഒരാളെ പോലീസ് പിടികൂടിയിട്ടുണ്ട്.

Exit mobile version