ബംഗളൂരു: കർണാടകയിലെ പ്രമുഖ നേതാക്കളായിട്ടും പാർട്ടി നേതൃത്വത്തിന്റെ നിർബന്ധത്തെ തുടർന്ന് മത്സരിച്ചിട്ടും മോഡി മന്ത്രിസഭയിൽ ഇടം ലഭിക്കാതെ ബസവരാജ് ബൊമ്മെയും ജഗദീഷ് ഷെട്ടറും. കർണാടകയിൽ നിന്നുള്ള മുൻ മുഖ്യമന്ത്രിമാരായ ഇരുവരും ഡൽഹിയിൽ കുടുംബത്തോടെ എത്തിയിട്ടും മന്ത്രിസഭയിൽ ഇടം ലഭിച്ചില്ല.
മന്ത്രിസഭയിലേക്കു ക്ഷണിക്കുമെന്ന പ്രതീക്ഷയിൽ, കുടുംബാംഗങ്ങൾക്കൊപ്പം ഞായറാഴ്ച ഡൽഹി കർണാടക ഭവനിലായിരുന്നു ഇവർ തങ്ങിയത്. എന്നാൽ അതൃപ്തി പ്രകടിപ്പിച്ചിട്ടുണ്ടെങ്കിലും അത് പാർട്ടി നേതൃത്വത്തെ അറിയിക്കാനോ പരസ്യമായ പ്രതികരണത്തിലേക്ക് കടക്കാനോ ഇരുവരും തുനിഞ്ഞിട്ടില്ല.
മുൻ ഉപമുഖ്യമന്ത്രി കെഎസ് ഈശ്വരപ്പയുടെ മകന് നൽകാനിരുന്ന സീറ്റിലാണ് മത്സരിക്കാൻ താൽപര്യമില്ലാതിരുന്ന ബൊമ്മെയെ ലോക്‌സഭയിലേക്ക് നിർബന്ധിച്ച് മത്സരിപ്പിച്ചത്. ഹാവേരിയിൽ നിന്ന് മത്സരിച്ച ബൊമ്മെ 43,500 വോട്ടുകളുടെ ഭൂരിപക്ഷത്തിനു മണ്ഡലം പിടിക്കുകയും ചെയ്തു.
ബൊമ്മെയെയും ഷെട്ടറെയും ഇത്തവണ തഴഞ്ഞതിന് പിന്നിൽ ബിജെപിയുടെ പ്രബല വോട്ടുബാങ്കായ ലിംഗായത്ത് സമുദായത്തെ ഇരുവർക്കും വേണ്ടവിധത്തിൽ സ്വാധീനിക്കാൻ കഴിയാത്തതാണെന്നാണ് സൂചന. ലിംഗായത്ത് സമുദായത്തിന്റെ പ്രതിനിധിയായി വി സോമണ്ണയ്ക്കാണ് മോഡി മന്ത്രിസഭയിൽ ഇടം നൽകിയത്.
മുൻകാലങ്ങളിലെ പോലെ ലിംഗായത്ത് വോട്ടുകൾ പൂർണമായി ബിജെപിക്ക് കിട്ടാതിരുന്ന തിരഞ്ഞെടുപ്പിൽ വടക്കൻ കർണാടകയിൽ നിന്ന് 7 സീറ്റ് മാത്രമാണു ലഭിച്ചത്. കല്യാണ കർണാടകയിൽനിന്ന് ഒരു സീറ്റ് പോലും ലഭിച്ചില്ല. ഈ മേഖലയിലെ 5 സീറ്റും കോൺഗ്രസിന് പിടിക്കാനായി.
Discussion about this post