ബെംഗളൂരു: സുഹൃത്തായ നടിക്ക് അശ്ലീല സന്ദേശം അയച്ചയാളെ കൊലപ്പെടുത്തിയ കേസിൽ കന്നഡ സൂപ്പർതാരം ദർശൻ തൂഗുദീപ അറസ്റ്റിൽ. ചിത്രദുർഗ സ്വദേശിയായ രേണുകസ്വാമി എന്നയാളെ കൊലപ്പെടുത്തിയ കേസിലാണ് അറസ്റ്റ്. മൈസൂരിലെ ഫാം ഹൗസിൽനിന്ന് അറസ്റ്റ് ചെയ്ത നടനെ ബംഗളൂരുവിലേക്ക് മറ്റും.
ദർശനുമായി ഏറെഅടുപ്പമുള്ള നടി പവിത്ര ഗൗഡയ്ക്ക് രേണുകസ്വാമി അശ്ലീല സന്ദേശം അയച്ചിരുന്നു. പിന്നീട് രേണുകസ്വാമിയെ കണ്ടെത്തുന്നത് ഓടയിൽ കാണപ്പെട്ട അജ്ഞാത മൃതദേഹമായിട്ടാണ്. മൃതദേഹം തെരുവുനായ്ക്കൾ കടിച്ചുവലിക്കുന്നതു കണ്ടവരാണ് ഇക്കാര്യം പോലീസിനെ അറിയിച്ചത്. തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് ഇത് രേണുകസ്വാമി എന്നയാളുടെ മൃതദേഹമാണെന്ന് കണ്ടെത്തിയത്.
ആത്മഹത്യയാണെന്ന് കരുതിയ കേസ് പിന്നീട് കൊലപാതകമെന്ന് തെളിയുകയായിരുന്നു. സംഭവവുമായി ബന്ധപ്പെട്ട് ഇതുവരെ 10 പേരാണ് പിടിയിലായത്. ഗിരിനഗർ സ്വദേശികളായ മൂന്നു പേർ സംഭവത്തിൽ പോലീസിൽ കീഴടങ്ങിയതോടെയാണ് കേസിൽ തുമ്പുണ്ടായത്. സാമ്പത്തിക ഇടപാടിനെ തുടർന്നുള്ള തർക്കത്തിൽ ഇയാളെ മർദ്ദിച്ച് കൊലപ്പെടുത്തിയെന്നായിരുന്നു ഇവർ പോലീസിന് നൽകിയ മൊഴി.
പിന്നീട് കൂടുതൽ ചോദ്യം ചെയ്യലിലാണ് രേണുകസ്വാമിയെ ദർശന്റെ വീട്ടിൽവച്ചാണ് മർദിച്ച് കൊന്നതെന്ന് ഇവർ വെളിപ്പെടുത്തിയത്. ദർശന്റെ സുഹൃത്തായ കന്നഡ നടി പവിത്ര ഗൗഡയ്ക്ക് കൊല്ലപ്പെട്ട രേണുകസ്വാമി അശ്ലീല സന്ദേശം അയച്ചിരുന്നു.
ഇതറിഞ്ഞ് പ്രകോപിതനായ ദർശൻ തന്റെ ഫാൻസ് അസോസിയേഷൻ അംഗങ്ങളുടെ സഹായത്തോടെ രേണുകസ്വാമിയെ നഗരത്തിലേക്ക് എത്തിക്കുകയായിരുന്നു. തുടർന്ന് ഒരു ഷെഡിൽവച്ച് ഇയാളെ ക്രൂരമായി മർദ്ദിച്ചു. മരിച്ചതോടെ മൃതദേഹം ഓടയിൽ ഉപേക്ഷിക്കുകയായിരുന്നു.