രാഹുൽ പ്രതിപക്ഷനേതൃസ്ഥാനത്തേക്ക്? വയനാട് ഒഴിഞ്ഞ് റായ്ബറേലി നിലനിർത്തും; വയനാട്ടിൽ മത്സരിക്കുക കേരളത്തിലെ നേതാവ് തന്നെ

ന്യൂഡൽഹി: വയനാട് മണ്ഡലത്തിൽ നിന്നും യുപിയിലെ റായ്ബറേലിയിൽ നിന്നും മൂന്നരലക്ഷത്തിലേറെ വോട്ടിന് വിജയിച്ച കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി പ്രതിപക്ഷ നേതാവായേക്കും. അതിന് മുന്നോടിയായി രാഹുൽ വയനാട് സീറ്റ് ഒഴിയാനാണ് സാധ്യത. നിലവിൽ റായ്ബറേലി നിലനിർത്തുമെന്നാണ് വിവരം. വയനാട് സന്ദർശനത്തിന് ശേഷമായിരിക്കും രാഹുലിൻരെ പ്രഖ്യാപനം.

രാഹുൽ ഗാന്ധി വയനാട് മണ്ഡലം നിലനിർത്തണമെന്നായിരുന്നു കേരളത്തിലെ നേതാക്കൾ പ്രവർത്തക സമിതിയിൽ ആവശ്യപ്പെട്ടത്. എന്നാൽ റായ്ബറേലി നിലനിർത്തണമെന്ന ആവശ്യം ഉത്തർപ്രദേശ് പിസിസിയും ഉയർത്തിയതോടെയാണ് തീരുമാനം നീളുന്നത്.

വയനാട്ടിലേക്ക് രാഹുലിന് പകരം പ്രിയങ്കാ ഗാന്ധി എത്തുമെന്ന് അഭ്യൂഹം ഉണ്ട്. എന്നാൽ അതിന് ദേശീയ നേതൃത്വം പച്ചക്കൊടി കാട്ടിയിട്ടില്ല. പ്രിയങ്ക ഉത്തരേന്ത്യ കേന്ദ്രീകരിച്ച് പ്രവർത്തിക്കണം എന്ന തീരുമാനത്തിലാണ് നേതൃത്വം. രാഹുലിന് പകരക്കാരനായി കേരളത്തിലെ ഒരു നേതാവിനെ തന്നെയായിരിക്കും പരിഗണിക്കുക.

രാഹുൽ ഗാന്ധി പ്രതിപക്ഷ നേതാവാകണമെന്ന നിർദേശവും കോൺഗ്രസ് പ്രവർത്തക സമിതിയിൽ നേതാക്കൾ ഉയർത്തി. മുതിർന്ന നേതാവെന്ന നിലയിൽ രാഹുൽ പ്രതിപക്ഷ നേതൃപദവി ഏറ്റെടുക്കണമെന്നും ഇത് പാർട്ടിയെ ശക്തിപ്പെടുത്തുമെന്നാണ് നേതാക്കളുടെ അഭിപ്രായം.
ALSO READ- തൃശൂർ സ്വദേശിയെ ഒമാനിൽ മരിച്ചനിലയിൽ കണ്ടെത്തി; മൃതദേഹം നാട്ടിലെത്തിക്കാനുള്ള ശ്രമത്തിൽ പ്രവാസികൾ

രാഹുൽ ഗാന്ധി നയിച്ച ഭാരത് ജോഡോ യാത്ര കടന്ന് പോയ വടക്ക് കിഴക്കൻ സംസ്ഥാനങ്ങളിൽ മികച്ച വിജയം നേടിയെന്നാണ് കോൺഗ്രസ് പ്രവർത്തക സമിതിയുടെ നിരീക്ഷണം. നിയമസഭ തിരഞ്ഞെടുപ്പിൽ വിജയിച്ച ചില സംസ്ഥാനങ്ങളിലെ തോൽവി പരിശോധിക്കും. മധ്യപ്രദേശ്, പശ്ചിമ ബംഗാൾ, ഹിമാചൽ പ്രദേശ് സംസ്ഥാനങ്ങളിലെ തിരിച്ചടികൾ ചർച്ച ചെയ്യും.

Exit mobile version