ഹൈദരാബാദ്: ഇന്ത്യൻ സിനിമാലോകത്തെ തന്നെ പ്രശസ്ത നിർമാതാവും വ്യവസായിയുമായ റാമോജി റാവു (87) അന്തരിച്ചു. ശ്വാസ തടസ്സത്തെ തുടർന്ന് ബുധനാഴ്ച ആശുപത്രിയിൽ ചികിത്സിയിലായിരുന്നു. ഇന്ന് രാവിലെ അഞ്ചു മണിയോടെയായിരുന്നു അന്ത്യം. റാമോജി റാവു ഏതാനും വർഷങ്ങൾക്ക് മുമ്പ് അർബുദത്തെ അതിജീവിച്ചിരുന്നു.
ആന്ധ്രാപ്രദേശിലെ കൃഷ്ണ ജില്ലയിലെ പെഡപരുപ്പുടിയിൽ സാധാരണ കർഷക കുടുംബത്തിൽ നിന്നും വന്ന റാമോജി റാവു പിന്നീട് സിനിമാലോകത്തെ അതികായനായി വളരുകയായിരുന്നു. തെലുങ്ക് സിനിമയുടെ മുഖഛായ തന്നെ മാറ്റാനായിരുന്നു അദ്ദേഹത്തിന്റെ നിയോഗം.
ലോകത്തിലെ തന്നെ ഏറ്റവും വലിയ ചലച്ചിത്ര സ്റ്റുഡിയോ സമുച്ചയമായ റാമോജി ഫിലിം സിറ്റിയുടെ സ്ഥാപകനാണ് അദ്ദേഹം. ഈനാട് പത്രം, ഇടിവി നെറ്റ്‌വർക്ക്, രാമദേവി പബ്ലിക് സ്‌കൂൾ, പ്രിയ ഫുഡ്സ്, ഉഷാകിരൺ മൂവീസ്, മയൂരി ഫിലിം ഡിസ്ട്രിബ്യൂഷൻ, മാർഗദർസി ചിറ്റ് ഫണ്ട്, ഡോൾഫിൻ ഗ്രൂപ്പ് ഓഫ് ഹോട്ടൽസ്, കലാഞ്ജലി എന്നിങ്ങനെ വിവിധ വ്യവസായ സംരംഭങ്ങൾ റാമോജി റാവുവിന്റേതാണ്. ആന്ധ്ര രാഷ്ട്രീയത്തെ പോലും നിയന്ത്രിക്കുന്നവരിൽ പ്രധാനിയായിരുന്നു റാമോജി റാവു.
ALSO READ- സ്‌കൂട്ടര്‍ നിയന്ത്രണംവിട്ട് ബസിനടിയില്‍പ്പെട്ടു, 19 വയസുകാരന് ദാരുണാന്ത്യം
സിനിമയ്ക്ക് നൽകിയ സംഭാവനകൾ പരിഗണിച്ച് നിരവധി തവണ ആദരിക്കപ്പെട്ടിട്ടുണ്ട്. ദേശീയ ചലച്ചിത്ര പുരസ്‌കാരവും നാലു ഫിലിംഫെയർ അവാർഡുകളും നേടി. 2000 ൽ പുറത്തിറങ്ങിയ ‘നുവ്വേ കാവാലി’ എന്ന സിനിമയ്ക്കാണ് ദേശീയ പുരസ്‌കാരം ലഭിച്ചത്. പത്രപ്രവർത്തനം, സാഹിത്യം, വിദ്യാഭ്യാസം എന്നിവയിൽ നൽകിയ സംഭാവനകൾക്ക് 2016ൽ ഇന്ത്യയിലെ ഏറ്റവും ഉയർന്ന രണ്ടാമത്തെ സിവിലിയൻ ബഹുമതിയായ പത്മവിഭൂഷൺ നൽകി രാജ്യം ആദരിച്ചു.
രമാദേവിയാണ് ഭാര്യ. കിരൺ പ്രഭാകർ, ചെറുകുരി സുമൻ എന്നിവരാണ് മക്കൾ. ഇടിവിയിലെ ഷോ നിർമാതാവും സംവിധായകനുമായ ചെറുകുരി സുമൻ 2012 രക്താർബുദത്തെ തുടർന്ന് മരണപ്പെട്ടിരുന്നു.