ന്യൂഡൽഹി: രണ്ടാം എൻഡിഎ സർക്കാർ രാജിവെച്ചതിന് പിന്നാലെ നരേന്ദ്രമോഡി രാഷ്ട്രപതി ഭവനിലെത്തി രാഷ്ട്രപതി ദ്രൗപദി മുർമുവിനെ കണ്ടു. സർക്കാർ രൂപീകരിക്കാൻ അവകാശവാദം ഉന്നയിച്ച് രാഷ്ട്രപതിക്ക് കത്ത് നൽകി. ബിജെപി അംഗങ്ങളുടെയും എൻഡിഎയിലെ മറ്റ് സഖ്യകക്ഷി എംപിമാരുടെയും പിന്തുണ എൻഡിഎ യോഗത്തിൽ ഉറപ്പിച്ചതിന് പിന്നാലെയാണ് മോഡി രാഷ്ട്രപതി ഭവനിലെത്തിയത്. മോഡിയെ സർക്കാർ രൂപീകരിക്കാൻ രാഷ്ട്രപതി ക്ഷണിച്ചു.
രാഷ്ട്രപതിയെ കണ്ട ശേഷം മാധ്യമങ്ങളോട് സംസാരിച്ച പ്രധാനമന്ത്രി, പുതിയ കാലഘട്ടത്തിലേക്കാണ് രാജ്യം പ്രവേശിക്കുന്നതെന്ന് പറഞ്ഞു. പുതിയ ഊർജം നൽകുന്നതാണിത്. അമൃത് കാലത്തെ ആദ്യ തെരഞ്ഞെടുപ്പാണ് കഴിഞ്ഞ് പോയത്. എൻഡിഎ സർക്കാറിന് മൂന്നാം തവണയും ജനങ്ങളെ സേവിക്കാൻ അവസരം നൽകിയ ജനത്തിന് നന്ദിയെന്നും അദ്ദേഹം പ്രതികരിച്ചു.
ഞായറാഴ്ച വൈകീട്ട് സത്യപ്രതിജ്ഞ നടക്കും. കൂടുതൽ വിവരങ്ങൾ രാഷ്ട്രപതി ഭവൻ അറയിക്കും. കഴിഞ്ഞ സർക്കാരുകളുടെ തുടർച്ചയായി കൂടുതൽ ഊർജ്ജത്തോടെ പ്രവർത്തിക്കുമെന്നും മോഡി പറഞ്ഞു.
ഇന്ന് ചേർന്ന എൻഡിഎ യോഗത്തിൽ നേതാക്കൾ ചേർന്ന് മോഡിയെ നേതാവായി തെരഞ്ഞെടുത്തിരുന്നു.