ചണ്ഡിഗഢ് വിമാനത്താവളത്തിൽ വെച്ച് സിഐഎസ്എഫ് കോൺസ്റ്റബിൾ തന്റെ മുഖത്തടിച്ച സംഭവത്തിൽ സഹപ്രവർത്തകർ മൗനം തുടരുന്നതിൽ പ്രതിഷേധിച്ച് കങ്കണ. നടിയും നിയുക്ത എംപിയുമായ കങ്കണ റണാവത്തിനെ ഛണ്ഡിഗഢ് വിമാനത്താവളത്തിൽ വെച്ചാണ് സിഐഎസ്എഫ് കോൺസ്റ്റബിൾ കുൽവിന്ദർ കൗർ മുഖത്തടിച്ചത്.
മണ്ഡി മണ്ഡലത്തിൽ നിന്നും വിജയിച്ച കങ്കണ തിരഞ്ഞെടുപ്പ് വിജയത്തിനുശേഷം ഡൽഹിയിലേക്ക് പോകാനായി വിമാനത്താവളത്തിൽ എത്തിയപ്പോഴായിരുന്നു സംഭവം. സുരക്ഷാചുമതലയുണ്ടായിരുന്ന കുൽവിന്ദർ കൗർ തന്റെ മുഖത്ത് അടിക്കുകയായിരുന്നുവെന്ന് കങ്കണ പറഞ്ഞു. സംഭവിത്തിന് പിന്നാലെയുണ്ടായ വാക്കുതർക്കത്തിന്റെ വീഡിയോ സാമൂഹിക മാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്.
സംഭവത്തിൽ സോഷ്യൽമീഡിയയിലടക്കം വലിയ ചർച്ചനടക്കുകയാണ്. ഇതിനിടെയാണ് ബോളിവുഡ് താരങ്ങളാരും വിഷയത്തിൽ പ്രതികരിക്കാത്തത് കങ്കണയെ ചൊടിപ്പിച്ചിരിക്കുന്നത്. അഭിപ്രായം പറഞ്ഞതിന്റെ പേരിൽ തന്നെ ആക്രമിച്ച സംഭവത്തിൽ എന്തുകൊണ്ടാണ് സിനിമാപ്രവർത്തകർ പ്രതികരിക്കാതിരിക്കുന്നതെന്ന് കങ്കണ ചോദിച്ചു. ഇൻസ്റ്റാഗ്രാമിൽ പങ്കുവച്ച സ്റ്റോറിയിലൂടെയാണ് താരത്തിന്റെ പ്രതിഷേധം. പിന്നീട് ഈ സ്‌റ്റോറി നടി നീക്കം ചെയ്തു.
പ്രിയ സിനിമാപ്രവർത്തകരെ, ഒന്നുകിൽ നിങ്ങൾ ആഘോഷിക്കുകയായിരിക്കും. അല്ലെങ്കിൽ അല്ലെങ്കിൽ എനിക്ക് നേരെയുണ്ടായ ആക്രമണത്തിൽ പൂർണ്ണമായും മൗനത്തിലായിരിക്കും. ഓർക്കുക, നാളെ രാജ്യത്തോ അല്ലെങ്കിൽ പുറത്തെവിടയോ തെരുവിലൂടെ നടക്കുമ്പോൾ ഇസ്രായേലിനെയോ പാലസ്തീനെയോ അനുകൂലിച്ചതിന്റെ പേരിൽ ഏതെങ്കിലും ഇസ്രായേൽ അല്ലെങ്കിൽ പാലസ്തീൻ സ്വദേശികൾ നിങ്ങളെ തല്ലുമ്പോൾ നിങ്ങളുടെ അഭിപ്രായ സ്വാതന്ത്ര്യത്തിന് വേണ്ടി ഞാൻ പോരാടുന്നത് കാണാം- കങ്കണ കുറിച്ചതിങ്ങനെ.
അതേസമയം, കുൽവിന്ദർ കൗറിനെ സർവീസിൽനിന്ന് സസ്പെൻഡ് ചെയ്തിട്ടുണ്ട്. കർഷകസമരത്തിൽ സജീവമായിരുന്ന കുടുംബത്തിൽ നിന്നാണ് കുൽവിന്ദർ വരുന്നത്. കങ്കണ സമരം ചെയ്യുന്ന കർഷകരെ അപമാനിക്കുന്ന പ്രസ്താവന നടത്തിയതിനാലാണ് താൻ മർദിച്ചതെന്നാണ് കൗർ പറയുന്നത്. കുൽവിന്ദറിനെ പിന്തുണച്ച് കർഷകസംഘടനകളും രംഗത്തെത്തിയിട്ടുണ്ട്.