കങ്കണയുടെ മുഖത്തടിച്ച സിഐഎസ്എഫ് ഉദ്യോഗസ്ഥയ്ക്ക് എതിരെ അനീതി നടന്നാൽ സമരത്തിന് ഇറങ്ങും; പിന്തുണയുമായി കർഷക സംഘടനകൾ

അമൃത്സർ: മണ്ഡിയിലെ നിയുക്ത എംപി കങ്കണ റണൗത്തിന്റെ മുഖത്തടിച്ച സിഐഎസ്എഫ് കോൺസ്റ്റബിളിനെ പിന്തുണച്ച് കർഷകസമരം നടത്തിയ സംഘടനകൾ. സിഐഎസ്എഫ് കോൺസ്റ്റബിൾ കുൽവിന്ദർ കൗർ ചണ്ഡിഗഢ് വിമാനത്താവളത്തിലെ സുരക്ഷാപരിശോധനയ്ക്കിടെയാണ് വിമാനത്താവളത്തിൽ വെച്ച് കങ്കണയുടെ മുഖത്തടിച്ചത്.

കുൽവിന്ദർ ചെയ്തതിനെ ന്യായീകരിക്കുന്നില്ലെങ്കിലും എന്തുകൊണ്ട് അങ്ങനെ ചെയ്യേണ്ട സാഹചര്യമുണ്ടായി എന്നകാര്യം പരിശോധിക്കണമെന്നും സംഘടനകൾ പ്രതികരിച്ചു. കൗറിന് അനീതി നേരിടേണ്ടിവന്നാൽ സമരത്തിന് ഇറങ്ങുമെന്നും ചില സംഘടനകൾ വ്യക്തമാക്കി.

കർഷകസമരത്തിൽ പങ്കെടുക്കാനെത്തിയ സ്ത്രീകൾ പണത്തിനുവേണ്ടിയാണ് വന്നതെന്ന കങ്കണയുടെ മുൻ പ്രസ്താവനയോടുള്ള പ്രതിഷേധമാണ് കൈയ്യേറ്റത്തിന് കാരണമായതെന്ന് കർഷകസംഘടനാ നേതാക്കൾ പറഞ്ഞു. പഞ്ചാബിൽ തീവ്രവാദം വളരുന്നുണ്ടെന്നും കങ്കണ പ്രസ്താവിച്ചിരുന്നു. ആ പ്രസ്താവനയോടുള്ള രോഷമാണ് വിമാനത്താവളത്തിൽ വെച്ച് കങ്കണയെ മുഖാമുഖം കണ്ടപ്പോൾ പ്രകടിപ്പിച്ചതെന്നും നേതാക്കൾ പറഞ്ഞു.

‘നിങ്ങളുടെ അമ്മയ്ക്കെതിരെ ആരെങ്കിലും മോശം വാക്കുകൾ ഉപയോഗിച്ചാൽ അതെങ്ങനെ സഹിക്കാൻ കഴിയും? ഇതാണ് കുൽവിന്ദർ കൗറിന്റെ കാര്യത്തിലും സംഭവിച്ചത്.’ -എന്നാണ് കർഷകസംഘടനയായ കിസാൻ മസ്ദൂർ മോർച്ചയുടെ കൺവീനർ ശരൺ സിങ് പന്ഥെർ പ്രതികരിച്ചത്. കിസാൻ മസ്ദൂർ മോർച്ചയുടെ സംഘർഷ് കമ്മിറ്റിയിൽ അംഗമാണ് കുൽവിന്ദർ കൗറിന്റെ സഹോദരൻ.

ALSO READ- കോഴിക്കോട് കാറിന് തീപിടിച്ചു ഒരാൾക്ക് ദാരുണമരണം; സീറ്റ് ബെൽറ്റ് കുടുങ്ങി, നാട്ടുകാർ ഡോർ തുറന്നിട്ടും രക്ഷപ്പെടുത്താനായില്ല

‘കുൽവിന്ദർ കൗർ സംയമനം പാലിക്കേണ്ടതായിരുന്നുവെങ്കിലും അവരുടെ രോഷമാണ് അവരെ അങ്ങനെ ചെയ്യാൻ പ്രേരിപ്പിച്ചത്.’ -പഞ്ചാബ് കിസാൻ യൂണിയൻ പ്രസിഡന്റ് റുൽദു സിങ് മൻസ പറഞ്ഞു.ഭാരതീയ കിസാൻ യൂണിയനും കൗറിന് പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്.

തങ്ങൾ കുൽവിന്ദർ കൗറിനെ പൂർണമായും പിന്തുണയ്ക്കുന്നുവെന്ന് ക്രാന്തികാരി കിസാൻ യൂണിയൻ പഞ്ചാബിന്റെ സംസ്ഥാന പ്രസ് സെക്രട്ടറി അവതാർ സിങ് മെഹ്‌മ അറിയിച്ചു. അവർക്ക് എതിരായി എന്തെങ്കിലും അനീതി നേരിടേണ്ടിവന്നാൽ തങ്ങൾ സമരത്തിനിറങ്ങുമെന്നും അവതാർ സിങ് വ്യക്തമാക്കി.

Exit mobile version