സുരേഷ് ഗോപിക്കും രാജീവ് ചന്ദ്രശേഖറിനും മന്ത്രിസ്ഥാനം; മുരളീധരന്റെ സ്ഥാനം തെറിക്കും; ആഭ്യന്തരവും പ്രതിരോധവും വിട്ടുകൊടുക്കാതെ ബിജെപി

ന്യൂഡൽഹി: ലോക്‌സഭാ തിരഞ്ഞെടുപ്പിൽ ഏറ്റവും വലിയ ഒറ്റകക്ഷിയായ ബിജെപി തന്നെ കേന്ദ്രമന്ത്രി സഭയിലെ സുപ്രധാന സീറ്റുകൾ ഭരിക്കും. 240 സീറ്റിൽ തനിച്ച് ജയിച്ചെന്നത് തന്നെയാകും എൻഡിഎ സഖ്യകക്ഷികളുടെ യോഗത്തിൽ ബിജെപി ഉയർത്തിക്കാണിക്കുക. ജെഡിയു,ടിഡിപി തുടങ്ങിയ കക്ഷികൾ കണ്ണുവെച്ചിട്ടുണ്ടെങ്കിലും ആഭ്യന്തരം, വിദേശകാര്യം, പ്രതിരോധം തുടങ്ങിയ സുപ്രധാന വകുപ്പുകൾ ബിജെപി വിട്ടുകൊടുക്കാൻ സാധ്യതയില്ല.

പ്രധാനമന്ത്രിയായി മോഡി തുടരുന്നതിനോടൊപ്പം അമിത് ഷാ, എസ് ജയ്ശങ്കർ, രാജ്‌നാഥ് സിങ് തുടങ്ങിയ മുതിർന്ന നേതാക്കൾ മന്ത്രിമാരായും തുടരും. അതേസമയം, കേരളത്തേയും ഇത്തവണ ബിജെപി കാര്യമായി പരിഗണിക്കാതിരിക്കില്ല. ചരിത്രത്തിൽ ആദ്യമായി ബിജെപി അക്കൗണ്ട് തുറന്നതോടെ സുരേഷ് ഗോപിയെ മന്ത്രിസ്ഥാനത്തേക്ക് കൈപിടിച്ചുയർത്തും.

അതേസമയം, സഹമന്ത്രിയായിരുന്ന വി മുരളീധരന്റെ രാജ്യസഭാംഗത്വം അവസാനിച്ചതിനാലും ലോക്‌സഭയിലേക്ക് പരാജയപ്പെട്ടതിനാലും അദ്ദേഹത്തിന് ഉടൻ മന്ത്രിസ്ഥാനം ലഭിച്ചേക്കില്ല. എന്നാൽ തിരുവനന്തപുരത്ത് കടുത്തപോരാട്ടം കാഴ്ചവെച്ച് ചെറിയ മാർജിനിൽ തോറ്റ രാജീവ് ചന്ദ്രശേഖറിന് സുപ്രധാന വകുപ്പുകളിലേക്ക് പരിഗണിക്കാനാണ് സാധ്യത.

ALSO READ- ‘ആരുമായും ബന്ധമില്ലാത്ത അനിൽ ആന്റണിയെ സ്ഥാനാർഥിയാക്കിയാൽ വിജയിക്കില്ല,ഒരു സീറ്റ് നശിപ്പിച്ചു’; താനാണ് വോട്ടുണ്ടാക്കിയത്: പിസി ജോർജ്

സ്പീക്കറും മന്ത്രിമാരുമുൾപ്പെടെ പല സുപ്രധാന പദവികളിലും ഇത്തവണ സഖ്യകക്ഷികൾ ഇടംപിടിക്കും. പതിനാറ് സീറ്റുള്ള ചന്ദ്രബാബു നായിഡുവിന്റെ ടിഡിപിയും 12 സീറ്റുള്ള നിതീഷ് കുമാറിന്റെ ജെഡിയുവും വിലപേശുമെന്ന് ഉറപ്പാണ്. മറ്റ് 15 സഖ്യകക്ഷികളും സ്ഥാനമാനങ്ങൾ ആവശ്യപ്പെട്ടേക്കും.

സ്പീക്കർ പദവിയും കാബിനറ്റ് ഉൾപ്പെടെ മൂന്ന് മന്ത്രിസ്ഥാനമെങ്കിലും ടിഡിപി ആവശ്യപ്പെടും. നിതീഷ് കുമാറിന് രണ്ട് കാബിനറ്റ് ഉൾപ്പെടെ നാല് മന്ത്രിസ്ഥാനമാണ് നിലവിൽ നൽകാനിരിക്കുന്നത്. ഏഴ് സീറ്റുള്ള ശിവസേന ഷിൻേഡ വിഭാഗം, അഞ്ച് സീറ്റുള്ള ചിരാഗ് പസ്വാന്റെ എൽജെപി എന്നിവരും മന്ത്രിസ്ഥാനങ്ങളിലേക്ക് ആവശ്യമുന്നയിക്കും.

Exit mobile version