ന്യൂഡൽഹി: ലോക്‌സഭാ തിരഞ്ഞെടുപ്പിൽ പ്രതിസന്ധികൾ ഉണ്ടായെങ്കിലും ഇത്തവണയും ഭരണം ഉറപ്പിച്ച എൻഡിഎ മുന്നണി സത്യപ്രതിജ്ഞ ആഘോഷമാക്കാൻ ഒരുങ്ങുന്നു. മൂന്നാമതും നരേന്ദ്ര മോഡി അധികാരത്തിലേറുമ്പോൾ സാക്ഷിയാകാൻ അയൽരാഷ്ട്രങ്ങളിലെ ഭരണകർത്താക്കളും എത്തും.
ശനിയാഴ്ചയാണ് മൂന്നാം മോഡി സർക്കാരിന്റെ സത്യപ്രതിജ്ഞ ചടങ്ങ് നിശ്ചയിച്ചിരിക്കുന്നത്. ചടങ്ങിൽ ബംഗ്ലാദേശ്, ശ്രീലങ്ക, ഭൂട്ടാൻ, നേപ്പാൾ, മൗറീഷ്യസ് തുടങ്ങിയ രാജ്യങ്ങളിലെ നേതാക്കൾ പങ്കെടുത്തേക്കും. ലോകനേതാക്കളെ സത്യപ്രതിജ്ഞ ചടങ്ങിലേക്ക് ക്ഷണിച്ചതായി സ്ഥിരീകരിച്ചു.
അതേസമയം, ക്ഷണം ലഭിച്ചതായി ശ്രീലങ്കൻ പ്രസിഡന്റ് റനിൽ വിക്രമസിംഗെയുടെ ഓഫീസിലെ മാധ്യമ വിഭാഗം അറിയിച്ചു. ബംഗ്ലാദേശ് പ്രധാനമന്ത്രി ഷെയ്ഖ് ഹസീനയെ നരേന്ദ്ര മോഡി നേരിട്ട് ഫോണിൽ വിളിച്ചതായി നയതന്ത്ര വൃത്തങ്ങൾ അറിയിച്ചു.
നേപ്പാൾ പ്രധാനമന്ത്രി പുഷ്പ കമാൽ ദഹൽ പ്രചണ്ഡ, ഭൂട്ടാൻ പ്രധാനമന്ത്രി ഷെറിംഗ് ടോബ്ഗേ, മൗറീഷ്യസ് പ്രധാനമന്ത്രി പ്രവിന്ദ് ജുഗ്നാഥ് എന്നിവരെയും ഉടനെ ക്ഷണിക്കുമെന്നാണ് വിവരം. ഔപചാരിക ക്ഷണം ഇന്നുണ്ടാകുമെന്നാണ് റിപ്പോർട്ട്.
ശനിയാഴ്ച മൂന്നാം മോഡി സർക്കാരിന്റെ സത്യപ്രതിജ്ഞ ചടങ്ങ് നടത്താനാണ് ബിജെപി നീക്കം. നാളെ പാർലമെന്റിലെ സെൻട്രൽ ഹാളിൽ ചേരുന്ന എൻഡിഎ എംപിമാരുടെ യോഗത്തിൽ മോദിയെ പാർലമെന്റിലെ നേതാവായി തെരഞ്ഞെടുക്കും.
അതേസമയം, എൻഡിഎ മുന്നണി യോഗത്തിന് ശേഷം നരേന്ദ്ര മോഡിയെ നേതാവായി നിശ്ചയിച്ചു. തീരുമാനം ഏകകണ്ഠമായാണ് കൈക്കൊണ്ടതെന്ന് നേതാക്കൾ അറിയിച്ചു. നരേന്ദ്ര മോഡി സർക്കാർ രൂപികരിക്കുന്നതിനെ നിതീഷ് കുമാറും ചന്ദ്രബാബു നായിഡുവും പിന്തുണച്ചു. ഇക്കാര്യം വ്യക്തമാക്കി ഇരുവരുടെയും പാർട്ടികളായ ജെ ഡി യുവും ടി ഡി പിയും പിന്തുണ കത്ത് നൽകുകയും ചെയ്തു.
ഇന്ത്യ മുന്നണി പ്രതിപക്ഷത്തിരിക്കാനും കഴിഞ്ഞദിവസം ചേർന്ന യോഗത്തിൽ തീരുമാനിച്ചു. മല്ലികാർജ്ജുൻ ഖാർഗെയുടെ വസതിയിൽ ചേർന്ന മുന്നണി യോഗത്തിലാണ് ഭരണത്തിനായി അവകാശം ഉന്നയിക്കേണ്ടതില്ലെന്നും പ്രതിപക്ഷത്തിരിക്കാമെന്നും തീരുമാനിച്ചത്.