ന്യൂഡൽഹി: മൂന്നാം തവണയും പ്രധാനമന്ത്രിയായി നരേന്ദ്രമോഡി സത്യപ്രതിജ്ഞ ചെയ്യും. ശനിയാഴ്ചയാണ് സത്യപ്രതിജ്ഞയെന്നാണ് പുറത്തെത്തിയ റിപ്പോർട്ടുകൾ. ഇതിനിടെ ബുധനാഴ്ച ഉച്ചയോടെ രാഷ്ട്രപതി ഭവനിലെത്തിയ മോഡി രാഷ്ട്രപതി ദ്രൗപതി മുർവിന് രാജിസമർപ്പിച്ചു. മോഡിയോട് അടുത്ത സത്യപ്രതിജ്ഞ വരെ പ്രധാനമന്ത്രി സ്ഥാനത്തു തുടരാൻ രാഷ്ട്രപതി അഭ്യർഥിച്ചിട്ടുണ്ട്.
അതേസമയം, മൂന്നാം തവണയും സർക്കാർ രൂപവത്കരിക്കാനുള്ള അവസരം തന്നതിന് ജനങ്ങളോട് നന്ദി പറയുന്നുവെന്ന് മോഡി പ്രതികരിച്ചു. വാരാണസിയിലെ തന്റെ വോട്ടർമാരെ അഭിസംബോധന ചെയ്തുകൊണ്ട് കഴിഞ്ഞദിവസം മോഡി നന്ദി അറിയിച്ചത്.
ഇത് ജനാധിപത്യത്തിന്റെ വിജയമാണെന്നും മൂന്നാമതും അധികാരത്തിലേറാൻ കഴിഞ്ഞത് ചരിത്രമാണെന്നും മോഡി പറഞ്ഞു. വീണ്ടും പ്രധാനമന്ത്രിസ്ഥാനത്ത് എത്തിയാൽ ജവഹർലാൽ നെഹ്‌റുവിന് ശേഷം മൂന്നുതവണ പ്രധാനമന്ത്രിയാകുന്ന നേതാവെന്ന നേട്ടത്തിലെത്തും മോഡി.
2014ൽ 282 സീറ്റുകൾ തനിച്ച് നേടിയ ബിജെപിക്ക് 2019-ൽ ഇത് 303 ആയി ഉയർത്താനായിരുന്നു. എന്നാൽ ഇത്തവണ 240 സീറ്റുകളിൽ ബിജെപി ഒതുങ്ങി. കേവലഭൂരിപക്ഷം ഒറ്റയ്ക്ക് നേടാൻ സാധിക്കാതെ വന്നതോടെ സഖ്യകക്ഷികളുടെ കനിവിലാണ് ഇത്തവണ സർക്കാർ രൂപീകരിക്കുക.
തനിച്ച് 400 സീറ്റെന്ന നേട്ടത്തിലെത്തുമെന്ന പ്രഖ്യാപനവുമായി തിരഞ്ഞടുപ്പിനെ നേരിട്ട ബിജെപിക്ക് പക്ഷെ കനത്ത തിരിച്ചടിയാണ് ഉത്തരേന്ത്യ നൽകിയത്. കോട്ടകൾ പലതും കൈവിടുകയും എതിരാളികൾ ബഹുദൂരം മുന്നേറ്റം നടത്തുകയും ചെയ്തു.
എക്‌സിറ്റ് പോൾ ഫലങ്ങളെ എല്ലാം തൂത്തെറിഞ്ഞ് ഇന്ത്യ മുന്നണി 232 സീറ്റുകൾ നേടി എൻഡിഎയും ബിജെപിയെയും ഒരുപോലെ ഞെട്ടിച്ചു. മോഡിക്ക് സ്വന്തം മണ്ഡലമായ വാരണാസിയിൽ ഇത്തവണ കുറഞ്ഞത് മൂന്ന് ലക്ഷത്തോളം വോട്ടാണ്. 2019ലെ തിരഞ്ഞെടുപ്പിൽ നാല് ലക്ഷത്തിലേറെ വോട്ടിന് വിജയിച്ച മോഡിയുടെ ഇത്തവണത്തെ ഭൂരിപക്ഷം 1,52,513 വോട്ടിൽ ഒതുങ്ങി.