‘സ്നേഹം കൊണ്ടും സത്യം കൊണ്ടും ഹൃദയത്തിൽ നിന്നുള്ള കരുണകൊണ്ടും പോരാടി’; രാഹുൽ ഗാന്ധിയെ അഭിനന്ദിച്ച് സഹോദരി പ്രിയങ്കയുടെ കുറിപ്പ്

ന്യൂഡൽഹി: ഇത്തവണത്തെ ലോക്സഭ തിരഞ്ഞെടുപ്പിൽ കോൺഗ്രസ് അപ്രതീക്ഷിത മുന്നേറ്റം കാഴ്ചവെയ്ക്കുകയും രണ്ട് സീറ്റിലും ലക്ഷങ്ങളുടെ ഭൂരിപക്ഷത്തിൽ രാഹുൽ ഗാന്ധിക്കു ജയിക്കാനുമായിരുന്നു. ഇപ്പോഴിതാ വൻവിജയം നേടിയ സഹോദരൻ രാഹുലിനെ അഭിനന്ദിച്ച് കുറിപ്പുമായി രംഗത്തെത്തിയിരിക്കുകയാണ് പ്രിയങ്ക ഗാന്ധി.

പലരും വെറുപ്പ് ചൊരിഞ്ഞപ്പോഴും രാഹുൽ പോരാടിയത് സ്നേഹവും കരുണയും സത്യവും കൊണ്ടാണെന്ന് പ്രിയങ്ക ഹൃദ്യമായ കുറിപ്പിൽ പറയുന്നു. ‘അവരെന്തൊക്കെ പറഞ്ഞപ്പോഴും നിങ്ങൾ തലയുയർത്തി തന്നെ നിന്നു. അരുതാത്തത് പലതും സംഭവിച്ചപ്പോഴും പിൻമാറിയില്ല. ആ ബോധ്യങ്ങളെ പോലും മറ്റുള്ളവർ സംശയിച്ചപ്പോഴും നിങ്ങൾ മുന്നോട്ടു പോയി. അവരുടെ വലിയ നുണപ്രചാരണങ്ങൾക്കിടിയിലും സത്യത്തിനു വേണ്ടിയുള്ള പോരാട്ടം നിങ്ങൾ അവസാനിപ്പിച്ചില്ല.’

‘ദേഷ്യവും വെറുപ്പും നിങ്ങൾക്ക് നേരെ അവർ ചൊരിഞ്ഞപ്പോഴും അത് നിങ്ങളെ പ്രകോപിപ്പിച്ചില്ല. നിങ്ങൾ സ്നേഹം കൊണ്ടും സത്യം കൊണ്ടും ഹൃദയത്തിൽ നിന്നുള്ള കരുണകൊണ്ടും പോരാടി. നിങ്ങളെ ഇത്രനാളും കാണാതിരുന്നവർ ഇന്നു നിങ്ങളെ കാണുന്നു. പക്ഷെ, ഒന്നു പറയട്ടെ അപ്പോഴും ഞങ്ങളിൽ ചിലർ നിങ്ങളെ എല്ലാവരേക്കാളും ധൈര്യശാലിയായാണ് എന്നും കാണുകയും അറിയുകയും ചെയ്തിട്ടുള്ളത്.’- എന്നാണ് പ്രിയങ്ക കുറിച്ചത്.

ALSO RAD- കോൺഗ്രസിന്റേത് ജാതിയുടെയും വെറുപ്പിന്റെയും രാഷ്ട്രീയം; കേരളത്തിൽ ഇനിയും താമര വിരിയും: പത്മജ

ഉത്തർപ്രദേശിലെ റായ്ബറേലി മണ്ഡലത്തിലും വയനാട് മണ്ഡലത്തിലും മൂന്നരലക്ഷത്തിലേറെ വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് രാഹുൽ ഗാന്ധി വിജയിച്ചത്. രാഹുൽ ഗാന്ധിയുടെ ഭൂരിപക്ഷം യുപിയിലെ തന്നെ ഏറ്റവും വലിയ ഭൂരിപക്ഷമാണ്. 3.90 ലക്ഷത്തിലധികം വോട്ടുകൾക്കാണ് ബിജെപിയുടെ ദിനേഷ് പ്രതാപ് സിങ്ങിനെ തോൽപ്പിച്ചത്. എന്നാൽ, ഉത്തർപ്രദേശിലെ തന്നെ വാരണാസിയിൽ നിന്ന് മത്സരിച്ച പ്രധാനമന്ത്രി നരേന്ദ്ര മോഡിയുടെ ഭൂരിപക്ഷം വെറും 1.5 ലക്ഷം വോട്ടാണ്.

Exit mobile version