ഇനി നിതീഷ് കുമാറും ചന്ദ്രബാബു നായിഡുവും തീരുമാനിക്കും; ഫോണിൽ വിളിച്ച് ഇന്ത്യ മുന്നണിയും മോഡിയും

ന്യൂഡൽഹി: ഏകപക്ഷീയമായ മുന്നേറ്റം നടത്താൻ എൻഡിഎയ്ക്ക് സാധിക്കാതെ വന്നതോടെ സഖ്യകക്ഷികളുടെ തീരുമാനത്തിനും ചെവി കൊടുക്കാനുറച്ച് ബിജെപി. ഇന്ത്യ മുന്നണിയും മികച്ച പ്രകടനം കാഴ്ചവെച്ചതോടെ ഭരണത്തിലേറാമെന്ന മോഹം തള്ളിക്കളയുന്നില്ല. അതുകൊണ്ടു തന്നെ ബിഹാറിൽ നിന്നും നിതീഷ് കുമാറിനെയും ആന്ധ്രയിൽ നിന്നും ചന്ദ്രശേഖരറാവുവിനെയും കൂടെ നിർത്താൻ ശ്രമിക്കുകയാണ് ഇരു മുന്നണികളും.

ആന്ധ്രപ്രദേശിൽ തകർപ്പൻ പ്രകടനവുമായി തിരിച്ചുവരവു നടത്തിയ ചന്ദ്രബാബു നായിഡുവിന്റെ ടിഡിപിയും ഇവർ നേടിയ 16 സീറ്റും ഇരു മുന്നണികൾക്കും തള്ളിക്കളയാവുന്നതല്ല. ബിഹാറിൽ നിതീഷ് കുമാറിന്റെ പാർട്ടി ജെഡിയു നേടിയത് 14 സീറ്റുകളാണ്.

അതുകൊണ്ടുതന്നെ നിലവിൽ എൻഡിഎ സഖ്യത്തോടൊപ്പമുള്ള ചന്ദ്രബാബു നായിഡുവിന്റെയും നിതീഷ് കുമാറിന്റെയും നിലപാട് സർക്കാർ രൂപീകരണത്തിലും നിർണായകമാകും. ആന്ധ്രയിൽ മികച്ച തിരിച്ചുവരവു നടത്തിയ ടിഡിപി നേതാവ് ചന്ദ്രബാബു നായിഡുവിനെ പ്രധാനമന്ത്രി നരേന്ദ്ര മോദി ഫോണിൽ ബന്ധപ്പെട്ടിട്ടുണ്ട്. ഒപ്പം, അമിത് ഷായും നായിഡുവിനെ ബന്ധപ്പെട്ടു. ജെഡിഎസ് നേതാവ് എച്ച്.ഡി. കുമാരസ്വാമിയോട് നാളെ ഡൽഹിയിലെത്താൻ അമിത് ഷാ നിർദ്ദേശം നൽകിയിട്ടുമുണ്ട്.
ALSO READ- ഹാസനിലെ 20 വർഷത്തെ ജെഡിഎസ് ആധിപത്യം തകർന്നു; പ്രജ്ജ്വൽ രേവണ്ണ തോൽവിയിലേക്ക്

ഇന്ത്യാ മുന്നണി നേതാക്കളും ചന്ദ്രബാബു നായിഡുവുമായി സംവദിക്കുന്നുണ്ട്. ഇന്ത്യ മുന്നണിയുടെ ഭാഗമായ തമിഴ്‌നാട് മുഖ്യമന്ത്രി എംകെ സ്റ്റാലിൻ, ചന്ദ്രബാബു നായിഡുവിനെ ഫോണിൽ വിളിച്ചു സംസാരിച്ചു. എൻസിപി നേതാവ് ശരദ് പവാറും സർക്കാർ രൂപീകരണത്തിന് ഇന്ത്യാ മുന്നണിക്കായി മറ്റു കക്ഷികളുടെ പിന്തുണ തേടി രംഗത്തുണ്ട്.


ഇന്ത്യ സഖ്യം നിലവിൽ 231 സീറ്റിലും എൻഡിഎ 295 സീറ്റിലും മുന്നിലാണ്. അതേസമയം, കേവല ഭീരിപക്ഷത്തിന് അരികിലുള്ള ഇന്ത്യ സഖ്യം കോൺഗ്രസിന്റെ നേതൃത്വത്തിൽ സർക്കാരുണ്ടാക്കാൻ അവകാശവാദം ഉന്നയിച്ചേക്കുമെന്നാണ് സൂചന.

Exit mobile version