സിക്കിമിൽ പ്രേംസിങ് തമാങ് തുടരും; 32 സീറ്റിൽ 31 നേടി സിക്കിം ക്രാന്തികാരി; ബൈച്ചൂങ് ബൂട്ടിയ തോറ്റു; ബിജെപിക്ക് ആഘാതം

ഗാങ്ടോക്: സിക്കിം നിയമസഭാ തിരഞ്ഞെടുപ്പിൽ ഭരണത്തുടർച്ച നേടി പ്രേംസിങ് തമാങും അദ്ദേഹത്തിന്റെ പാർട്ടി സിക്കിം ക്രാന്തികാരി മോർച്ചയും. തുടർച്ചയായ രണ്ടാം തവണയാണ് എസ്‌കെഎം ഭരണത്തിലേറുന്നത്. ആകെയുള്ള 32 സീറ്റുകളിൽ 31 സീറ്റുകളും നേടിയാണ് എസ്‌കെഎം അധികാരത്തിലേക്ക് വീണ്ടുമെത്തുന്നത്.

മുഖ്യപ്രതിപക്ഷമായ എസ്ഡിഎഫിന് ആകെ ഒരു സീറ്റ് മാത്രമാണ് നേടാനായത്. സംസ്ഥാനത്ത് അഞ്ചുതവണ തുടർച്ചയായി മുഖ്യമന്ത്രിയായിരുന്ന പവൻ കുമാർ ചാംലിങിന്റെയും അദ്ദേഹത്തിന്റെ പാർട്ടി എസ്ഡിഎഫിനെയും അട്ടിമറിച്ചാണ് 2019-ൽ പ്രേംസിങ് തമാങ് ആദ്യമായി ഭരണം പിടിച്ചത്. അന്ന് എസ്‌കെഎമ്മിന് 17 സീറ്റുകളും പവൻ കുമാറിന്റെ പാർട്ടിയായ എസ്ഡിഎഫിന് 15 സീറ്റുകളുമായിരുന്നു.

ഇത്തവണ എന്നാൽ ചിത്രം പാടെ മാറിമറിയുകയായിരുന്നു. എസ്ഡിഎഫ് ഒരു സീറ്റ് മാത്രം നേടി വേരറ്റനിലയിലാണ്. പാർട്ടിയുടെ മുഖമായ പവൻ കുമാർ ചാംലിങ് ഉൾപ്പടെയുള്ളവർ പരാജയപ്പെട്ടു. രണ്ട് മണ്ഡലങ്ങളിലാണ് ഇത്തവണ പവൻ കുമാർ മത്സരിച്ചത്. രണ്ടിടത്തും തോറ്റു.

അതേസമയം, സംസ്ഥാനത്ത് ബിജെപിക്കും കോൺഗ്രസിനും ഒരു സീറ്റിൽ പോലും വിജയിക്കാനായില്ല. 2019ൽ മത്സരിച്ച ബിജെപിക്ക് ഒരു സീറ്റിൽപോലും ജയിക്കാൻ കഴിഞ്ഞില്ലെങ്കിലും ബിജെപി സംസ്ഥാനത്തെ ഏറ്റവും വലിയ രണ്ടാമത്തെ പാർട്ടിയായി മാറിയിരുന്നു. വോട്ട് ശതമാനം ഇത്തവണയും ബിജെപിക്ക് ഉയർത്താനായെങ്കിലും ആരെയും വിജയിപ്പിക്കാനായില്ല.

2019ൽ പ്രതിപക്ഷ പാർട്ടിയായ എസ്ഡിഎഫിന്റെ പത്ത് എംഎൽഎമാർ ഡോർജി ഷെറിംഗ് ലാപ്ചയുടെ നേതൃത്വത്തിൽ ബിജെപിയിൽ ചേർന്നിരുന്നു. പിന്നീട് നടന്ന ഉപതിരഞ്ഞെടുപ്പിൽ രണ്ട് സീറ്റുകൾകൂടി നേടി ബിജെപിക്ക് 12 എംഎൽഎമാരുണ്ടായിരുന്നു. ഇത്തവണത്തെ തിരഞ്ഞെടുപ്പ് ഫലം ബിജെപിക്ക് കനത്ത ആഘാതമാണ് ഉണ്ടാക്കിയിരിക്കുന്നത്.

തിരഞ്ഞെടുപ്പിനായി ഭരണകക്ഷിയായ എസ്‌കെഎമ്മുമായി ബിജെപി സഖ്യമുണ്ടാക്കിയെങ്കിലും തിരഞ്ഞെടുപ്പിന് തൊട്ടുമുൻപ് സഖ്യം ഉപേക്ഷിച്ചു. എന്നാൽ തനിച്ച് മത്സരിച്ച എസ്‌കെഎം ആധികാരിക വിജയം നേടി ബിജെപിയെ ഞെട്ടിച്ചിരിക്കുകയാണ്.

ALSO READ-അരുണാൽ പ്രദേശ് തൂത്തുവാരി ബിജെപി ഭരണത്തിലേക്ക്; ഒരു സീറ്റ് പോലുമില്ലാതെ കോൺഗ്രസിന് സമ്പൂർണ പരാജയം

അതേസമയം, തിരഞ്ഞെടുപ്പിൽ മത്സരിച്ച എസ്ഡിഎഫ് നേതാവും മുൻ ഇന്ത്യൻ ഫുട്ബോൾ ടീം ക്യാപ്റ്റൻ ബൈചൂങ് ബൂട്ടിയയും പരാജയപ്പെട്ടു. 4346 വോട്ടുകൾക്കാണ് ബൈചൂങ് ബൂട്ടിയ എസ്‌കെഎം സ്ഥാനാർഥി റിക്ഷാൽ ഡോർജി ബൂട്ടിയയോട് തോറ്റത്. സോറെങ് ചകുങ് മണ്ഡലത്തിൽനിന്ന് ജനവിധി തേടിയു മുഖ്യമന്ത്രി പ്രേംസിങ് തമാങ് 7396 വോട്ടുകൾക്ക് വിജയിച്ചു.

Exit mobile version