ജീവൻ കവർന്ന് ഉത്തരേന്ത്യയിലെ അത്യുഷ്ണ തരംഗം: അവസാനഘട്ട വോട്ടെടുപ്പിനിടെ യുപിയിൽ മരിച്ചത് 33 തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥർ

ലഖ്‌നൗ: ഉത്തരേന്ത്യയിൽ കനത്തചൂട് ജനങ്ങൾക്ക് പേടി സ്വപ്‌നമാകുന്നു. പകൽ സമയത്ത് പുറത്തിറങ്ങാനാകാത്തവിധം ഉയർന്ന ഉഷ്ണതരംഗത്തിൽ ഇന്നലെ മാത്രം റിപ്പോർട്ട് ചെയ്തത് 33 മരണങ്ങളാണ്. ഉത്തർപ്രദേശിൽ നടന്ന ഏഴാം ഘട്ട വോട്ടിങ്ങിനിടെയാണ് 33 തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥർ മരിച്ചത്. യുപി ചീഫ് ഇലക്ടറൽ ഓഫീസർ നവ്ദീപ് റിൻവ പുറത്തുവിട്ട കണക്കുകളാണിത്.

കനത്തചൂടിൽ ബല്ലിയ ലോക്‌സഭാ മണ്ഡലത്തിലെ സികന്ദർപൂർ ബൂത്തിലെ ഒരു വോട്ടറും മരണപ്പെട്ടെന്നാണ് വിവരം. റാം ബദാൻ ചൗഹാനാണ് വോട്ട് ചെയ്യാൻ കാത്തുനിൽക്കുന്നതിനിടെ കുഴഞ്ഞുവീണ് മരിച്ചത്. വോട്ടർക്ക് പുറമെ തിരഞ്ഞെടുപ്പ് ഡ്യൂട്ടിയിലുണ്ടായിരുന്ന സുരക്ഷാ ജീവനക്കാരും ശുചീകരണ തൊഴിലാളികളും ഉൾപ്പെടെയുള്ളവരാണ് കനത്തചൂടേറ്റ് മരിച്ചത്.

ലഖ്‌നൗവിൽ ഇലക്ടറൽ വോട്ടിങ് മെഷീന് കാവൽ നിന്ന പോലീസ് കോൺസ്റ്റബിളും മരിച്ചവരിൽ ഉൾപ്പെടുന്നു. അതേസമയം, തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥരുടെ മരണത്തിൽ ജില്ലാ മജിസ്‌ട്രേറ്റുമാർ റിപ്പോർട്ട് തേടി. മരിച്ചവരുടെ പോസ്റ്റ്മോർട്ടം റിപ്പോർട്ട് ലഭിച്ച ശേഷം റിപ്പോർട്ട് സമർപ്പിക്കും.
ALSO READ- ബിരിയാണിക്ക് ഒപ്പം മുട്ടയും പപ്പടവും ഇല്ല; യുവാക്കൾ ഹോട്ടൽ അടിച്ചുതകർത്തു, ജീവനക്കാരെ മർദ്ദിച്ചു; സംഭവം തൃശൂരിൽ

അത്യുഷ്ണത്തെ മറികടക്കാനായി യുപിയിലടക്കം വലിയ സജ്ജീകരണങ്ങളാണ് പോളിങ് ബൂത്തുകളിൽ ഒരുക്കിയിരുന്നത് എന്നാണ് അധികൃതർ പറയുന്നത്. കൂളറുകളും മറ്റ് സൗകര്യങ്ങളും ബൂത്തികളിൽ ഉണ്ടായിരുന്നുവെന്നാണ് അധികൃതരുടെ വിശദീകരണം. അതേസമയം, മരണപ്പെട്ടവരുടെ പോസ്റ്റ്മോർട്ടത്തിന് ശേഷം മാത്രമേ കാരണം വ്യക്തമാകൂ എന്നും അധികൃതർ അറിയിച്ചു.

Exit mobile version