ഹൈദരാബാദ്: എൻഎസ്യുഐ (നാഷണൽ സ്റ്റുഡന്റ്സ് യൂണിയൻ ഓഫ് ഇന്ത്യ) ദേശീയ നേതാവിനെ കൊല്ലപ്പെട്ടനിലയിൽ കണ്ടെത്തി.എൻഎസ്യുഐ ദേശീയ സെക്രട്ടറി രാജ് സമ്പത്ത് കുമാറാണ് കൊല്ലപ്പെട്ടത്. ഇദ്ദേഹത്തെ ആന്ധ്രാപ്രദേശിലെ ധർമ്മാവരത്താണ് കൊല്ലപ്പെട്ടനിലയിൽ കണ്ടെത്തിയത്.
സംഘടനയിൽ കേരളത്തിന്റെ ചുമതലയുള്ള ദേശീയ സെക്രട്ടറിയാണ് രാജ് സമ്പത്ത് കുമാർ. റോഡിന് സമീപത്തെ കൃഷിയിടത്തിലാണ് രാജ് സമ്പത്തിന്റെ മൃതദേഹം കണ്ടെത്തിയതെന്നാണ് വിവരം. മൃതശരീരം നഗ്നമായനിലയിലാണ് കാണപ്പെട്ടത്.
ദേഹമാസകലം മുറിവേറ്റിട്ടുമുണ്ട്. സംഭവത്തിൽ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. അടുത്തിടെ തിരുവനന്തപുരം നെയ്യാർ ഡാമിലെ കെഎസ്യു ക്യാമ്പിൽ കൂട്ടത്തല്ലുണ്ടായപ്പോൾ ക്യാമ്പിൽ രാജ് സമ്പത്ത് കുമാറും ഉണ്ടായിരുന്നു.
കെഎസ്യു ജന്മദിനാഘോഷങ്ങളിൽ പങ്കെടുക്കാൻ ഇന്ന് കേരളത്തിൽ എത്താനിരുന്നതാണ് രാജ് സമ്പത്ത് കുമാറെന്ന് പാർട്ടി പ്രവർത്തകർ പറഞ്ഞു. കൊലപാതകത്തിന് പിന്നിൽ ഭൂമിയിടപാടും വ്യക്തിവൈരാഗ്യവും ആണെന്ന ആരോപണം അന്വേഷിക്കുകയാണെന്നു പോലീസ് പറഞ്ഞു.
Discussion about this post