തിരുവനന്തപുരം: പ്രധാനമന്ത്രി നരേന്ദ്ര മോഡി ഇന്ന് കന്യാകുമാരിയിലെ വിവേകാനന്ദപ്പാറയില്‍ ധ്യാനമിരിക്കും. ഉച്ചകഴിഞ്ഞ് മൂന്നരയോടെ തിരുവനന്തപുരം വിമാനത്താവളത്തില്‍ എത്തുന്ന പ്രധാനമന്ത്രി ഹെലികോപ്റ്റര്‍ മാര്‍ഗമാണ് കന്യാകുമാരിലേക്ക് എത്തുക. കന്യാകുമാരി ദേവീക്ഷേത്രത്തില്‍ ദര്‍ശനം നടത്തിയതിനുശേഷം വിവേകാനന്ദപ്പാറയില്‍ നരേന്ദ്രമോഡി ധ്യാനമിരിക്കും. മൂന്നു ദിവസങ്ങളിലായി 45 മണിക്കൂറാണ് ധ്യാനം.
ലോക്‌സഭ തെരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ അവസാന ദിവസമാണ് തമിഴ്‌നാട്ടിലെ കന്യാകുമാരിയില്‍ ധ്യാനമിരിക്കാന്‍ മോഡി എത്തുന്നത്. ഇന്ന് വൈകിട്ട് മുതല്‍ ജൂണ്‍ ഒന്നിന് വൈകിട്ട് വരെയാണ് മോഡി വിവേകാനന്ദപ്പാറയില്‍ ധ്യാനമിരിക്കുക. ജൂണ്‍ ഒന്നിന് ഉച്ചകഴിഞ്ഞ് പ്രധാനമന്ത്രി ഡല്‍ഹിയിലേക്ക് മടങ്ങിപ്പോകും.
പ്രധാനമന്ത്രിയുടെ വരവോടനുബന്ധിച്ച് കന്യാകുമാരിയില്‍ കനത്ത സുരക്ഷ ഏര്‍പ്പെടുത്തി. വിവേകാനന്ദപ്പാറയിലേക്കുള്ള സഞ്ചാരികളുടെ യാത്രയ്ക്ക് നിരോധനം ഉണ്ട്. സുരക്ഷയ്ക്കായി രണ്ടായിരത്തോളം പോലീസുകാരെയാണ് നിയമിച്ചിട്ടുള്ളത്. കന്യാകുമാരി ഗസ്റ്റ് ഹൗസില്‍ ഉള്‍പ്പെടെ കനത്ത സുരക്ഷയാണ് ഒരുക്കിയിട്ടുള്ളത്. ഹെലികോപ്ടറിന്റെ ട്രയല്‍ റണ്ണടക്കം നടത്തിയിരുന്നു.