പുണെ:അമിതവേഗത്തിൽ ആഡംബര കാർ ഓടിച്ചു രണ്ട് ഐ ടി ജീവനക്കാരെ കൊലപെടുത്തിയ കേസിൽ നിന്നും പതിനേഴുകാരനെ രക്ഷപ്പെടുത്താന്‍, കൈക്കൂലി വാങ്ങി രക്തസാംപിളില്‍ കൃത്രിമം നടത്തിയ ഡോക്ടർക്ക് ജോലി നഷ്ട്ടം.
പുണെ സസൂണ്‍ സര്‍ക്കാര്‍ ജനറല്‍ ആശുപത്രിയിലെ ചീഫ് മെഡിക്കല്‍ ഓഫിസര്‍ ഡോ. ശ്രീഹരി ഹാല്‍നറെയാണ് സർവീസിൽ നിന്നും പിരിച്ചുവിട്ടത്.
പതിനേഴുകരൻ മദ്യപിച്ചോ എന്ന് കണ്ടെത്താനായി നടത്തേണ്ടിയിരുന്ന പരിശോധന സാംപിളില്‍ കൃത്രിമം നടത്താന്‍ പ്രതിയുടെ അച്ഛന്‍ ഫൊറന്‍സിക് മേധാവിയെ 14 തവണ ഫോണില്‍ വിളിച്ചെന്നും അന്വേഷണത്തില്‍ നേരത്തെ കണ്ടെത്തിയിരുന്നു.
പതിനേഴുകാരനെ രക്ഷിക്കാന്‍ പുണെ സസൂണ്‍ സര്‍ക്കാര്‍ ജനറല്‍ ആശുപത്രിയില്‍ നടന്ന ഗൂഢാലോചന ഇതോടെ വ്യക്തമായിരിക്കുകയാണ്.
പ്രതി മദ്യപിച്ചില്ലെന്ന് വരുത്താന്‍ രക്തസാംപിള്‍ മാറ്റി പരിശോധനയില്‍ കൃത്രിമം നടത്തിയ രണ്ട് ഡോക്ടര്‍മാരെ അറസ്റ്റുചെയ്തിരുന്നു. പിന്നാലെ കൈക്കൂലിയായി കൈപ്പറ്റിയ രണ്ടര ലക്ഷം രൂപയും പിടിച്ചെടുത്തതോടെയാണ് ചീഫ് മെഡിക്കല്‍ ഓഫിസറെ സര്‍വീസില്‍ നിന്നും പിരിച്ചുവിട്ടത്.
കൈക്കൂലിയുടെ ബാക്കി തുകയായ അന്‍പതിനായിരം രൂപ ആശുപത്രി ജീവനക്കാരനായ അതുല്‍ ഗാട്‌കാംബ്ലിയില്‍ നിന്ന് കണ്ടെടുത്തു. ഇയാളും നേരത്തെ അറസ്റ്റിലായിരുന്നു. രക്തസാംപിള്‍ മാറ്റുന്നതിനായി പ്രതിയുടെ അച്ഛന്‍ വിശാല്‍ അഗര്‍വാള്‍, ഫൊറന്‍സിക് മേധാവി ഡോ.അജയ് താവ്ടയെ പതിനാലുതവണ വിളിച്ചതിന്‍റെ തെളിവുകളും പുറത്തുവന്നു. അറസ്റ്റിലായ ഇയാൾക്കെതിരെയും നടപടി ഉണ്ടാകും.