ന്യൂഡല്‍ഹി: ലോകം മഹാത്മാ ഗാന്ധിയെ കുറിച് അറിഞ്ഞത് ഒരു വിദേശി ഒരുക്കിയ ഗാന്ധി സിനിമയിലൂടെ, എന്ന വിചിത്ര പ്രസ്താവന നടത്തിയ പ്രധാനമനന്ത്രിക്ക് രൂക്ഷ വിമർശനം.
റിച്ചാര്‍ഡ് ആറ്റന്‍ബറോ സംവിധാനം ചെയ്ത് 1982-ല്‍ പുറത്തിറങ്ങിയ ‘ഗാന്ധി’ എന്ന സിനിമ ഇറങ്ങുന്നതുവരെ മഹാത്മാഗാന്ധിയെ കുറിച്ച് ലോകത്തിന് അറിയില്ലായിരുന്നുവെന്ന് ആണ് എ ബി പി ന്യൂസിന് നൽകിയ അഭിമുഖത്തിൽ പ്രധാനമന്ത്രി മോഡി പറഞ്ഞത്.
മഹാത്മാഗാന്ധി ഒരു മഹാത്മാവായിരുന്നു. അദ്ദേഹത്തെ കുറിച്ച് ലോകത്തെ അറിയിക്കേണ്ടത് നമ്മുടെ ഉത്തരവാദിത്തമായിരുന്നില്ലേ? അദ്ദേഹത്തെ കുറിച്ച് ആര്‍ക്കും അറിയില്ലായിരുന്നു. എന്നോട് ക്ഷമിക്കണം. പക്ഷേ, മഹാത്മാഗാന്ധിയെ കുറിച്ച് ആദ്യമായി ലോകത്തിന് ആകാംക്ഷയുണ്ടായത് ‘ഗാന്ധി’ എന്ന സിനിമ പുറത്തിറങ്ങിയപ്പോഴാണ്. അത് നമ്മളല്ല ചെയ്തത് മോഡി പറയുന്നു.
‘ലോകത്തിന് മാര്‍ട്ടിന്‍ ലൂഥര്‍ കിങ്ങിനേയും നെല്‍സണ്‍ മണ്ടേലയേയുമെല്ലാം അറിയാമെങ്കില്‍, മഹാത്മാഗാന്ധി അവരേക്കാള്‍ ഒട്ടും ചെറുതല്ല. ഇത് നിങ്ങള്‍ അംഗീകരിച്ചേ മതിയാകൂ. ലോകമാകെ സഞ്ചരിച്ചതിനുശേഷമാണ് ഞാനിത് പറയുന്നത്.’ — മോഡി പറഞ്ഞു.
അതേസമയം ഈ അഭിമുഖത്തിന്റെ ഭാഗം പുറത്ത് എത്തിയതോടെ വലിയ വിമർശനമാണ് മോഡിക്ക് നേരെ ഉയരുന്നത്. ഇത്രനാളും മോഡി ഒരു പത്രസമ്മേളനം പോലും വിളിക്കാത്തത് ഇത്തരം വിഡ്ഢിത്തരങ്ങൾ പറയുമെന്ന് ഭീതി കാരണമായിരുന്നു എന്നാണ് സോഷ്യൽ മീഡിയയിൽ ഉയരുന്ന വിമർശനം.
അതേസമയം, മോഡി മഹാത്മാഗാന്ധിയുടെ പാരമ്പര്യത്തെ തകര്‍ക്കുകയാണെന്ന് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് ജയ്റാം രമേശ് എക്സിലൂടെ വിമർശിച്ചു.
‘ഇപ്പറയുന്നത് ഇന്ത്യയുടെ പ്രധാനമന്ത്രിയാണ് …അതായത്, ഇങ്ങനെയൊക്കെ പറയുന്ന ആളാണ് ഇപ്പോൾ ഇന്ത്യയുടെ പ്രധാനമന്ത്രി’- എന്നാണ് സിപിഎം നേതാവ് എം സ്വരാജ് പരിഹസിച്ചുകൊണ്ട് ഫേസ്ബുക്കിൽ കുറിച്ചത്.
‘പ്രൊപ്പഗണ്ട സിനിമകളും പിആർ ഗിമ്മിക്കുകളും വഴിയാണ് നേതാവാകേണ്ടത് എന്ന് വിചാരിക്കുന്ന ഒരാൾ, ഗാന്ധി പോപ്പുലർ ആയതും അങ്ങനെയാകുമെന്ന് കണക്കുകൂട്ടുന്നതിൽ തെറ്റൊന്നും പറയാനൊക്കത്തില്ല’- എന്നായിരുന്നു മാധ്യമപ്രവർത്തകനായ നിഷാദ് റാവുത്തർ സോഷ്യൽ മീഡിയയിലൂടെ പ്രതികരിച്ചത്.