ആഗ്ര: കാമുകനെ ഭയപ്പെടുത്താനായി റെയിൽവേ ട്രാക്കിലേക്ക് എടുത്തുചാടിയ യുവതിക്ക് ട്രെയിനിടിച്ച് ദാരുണാന്ത്യം. ആഗ്രയിലെ രാജാ കീ മന്ദി റെയിൽവേ സ്റ്റേഷനിലായിരുന്നു സംഭവം. റാണി(38)യെന്ന യുവതിയാണ് മരിച്ചതെന്നാണ് റിപ്പോർട്ട്. റാണിയുടെ ലിവ് ഇൻ പങ്കാളിയെ പേടിപ്പിക്കാൻ വേണ്ടിയാണ് ട്രാക്കിലേക്ക് ചാടിയത്. എന്നാൽ ആ സമയത്ത് ട്രാക്കിലേക്ക് ട്രെയിൻ വന്നുകൊണ്ടിരുന്നത് റാണി കണ്ടിരുന്നില്ല. ഇതോടെ ട്രാക്കിലേക്ക് ചാടിയ റാണിയെ ട്രെയിൻ ഇടിക്കുകയും ചെയ്തു. സംഭവത്തിന്റെ ദൃശ്യങ്ങൾ പുറത്തെത്തിയിട്ടുണ്ട്.
തിങ്കളാഴ്ച രാവിലെ 11 മണിയോടെയായിരുന്നു ഈ സംഭവം. റാണിയും പങ്കാളിയായ കിഷോറും തമ്മിൽ വാക്കു തർക്കമുണ്ടായി. കിഷോറിന്റെ മദ്യപാന ശീലത്തെ ചൊല്ലിയായിരുന്നു വഴക്ക്. ഈ ശീലം നിർത്തിയില്ലെങ്കിൽ താൻ ട്രെയിനിന് മുന്നിൽ ചാടി ആത്മഹത്യ ചെയ്യുമെന്ന് റാണി ഭീഷണിപ്പെടുത്തി. പിന്നീട് കിഷോറിനെ കൂട്ടി റാണി റെയിൽവേ സ്റ്റേഷനിലെത്തുകയായിരുന്നു.
പ്ലാറ്റ്ഫോമിലെത്തിയിട്ടും ഇരുവരും വഴക്കടിക്കുകയായിരന്നു. ഈ സമയത്താണ് കിഷോറിനെ ഭീഷണിപ്പെടുത്താനായി റാണി ട്രാക്കിലേക്ക് എടുത്തുചാടിയത്. ട്രെയിൻ തൊട്ടടുത്ത് എത്തിയത് കണ്ട ഉടനെ റാണി പ്ലാറ്റ്ഫോമിലേക്ക് ചാടികയറാൻ നോക്കിയെങ്കിലും സാധിച്ചില്ല. ഇവർ ട്രെയിനിനും പ്ലാറ്റ്ഫോമിനും ഇടയിൽ കുടുങ്ങിപ്പോവുകയായിരുന്നു.
ഉടൻ തന്നെ റെയിൽവെ പോലീസ് എത്തി റാണിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. സംഭവത്തിൽ ഇതുവരെ പരാതിയൊന്നും ലഭിച്ചിട്ടില്ലെന്നും പരാതി ലഭിച്ചാൽ തുടർനടപടി സ്വീകരിക്കുമെന്നും പോലീസ് അറിയിച്ചു. കിഷോറും റാണിയും തമ്മിൽ ഒരു വർഷമായി അടുപ്പത്തിലാണെന്നും റാണിയുടെ മുൻഭർത്താവ് അമിത മദ്യപാനം മൂലം മരിച്ചതാണെന്നും പോലീസ് പറഞ്ഞു.
Discussion about this post