പൂണെ: കൗമാരക്കാരൻ മദ്യപിച്ച് ആഡംബര കാർ ഓടിച്ചതിനെ തുടർന്നുണ്ടായ അപകടത്തിൽ രണ്ട് ബൈക്ക് യാത്രികർ കൊല്ലപ്പെട്ട സംഭവത്തിൽ കൂടുതൽ അറസ്റ്റ്. പ്രതിയുടെ രക്തപരിശോധനാ റിപ്പോർട്ടിൽ കൃത്രിമം കാണിച്ച ഫൊറൻസിക് ലാബ് മേധാവിയടക്കം രണ്ടു ഡോക്ടർമാരാണ് പിടിയിലായത്.
പൂണെ സാസൂണിലെ സർക്കാർ ആശുപത്രിയിലെ ഫൊറൻസിക് ലാബ് മേധാവി ഡോ. അജയ് താവ്ഡെ, ഡോ. ശ്രീഹരി ഹാർണർ എന്നിവരെയാണ് പൂണെ ക്രൈംബ്രാഞ്ച് അറസ്റ്റ് ചെയ്തത്. സംഭവദിവസം പ്രതിയുടെ പിതാവും ഡോ. താവ്‌ഡെയും തമ്മിൽ ഫോണിൽ സംസാരിച്ചതായാണ് വിവരം. രണ്ടു ഡോക്ടർമാരുടേയും ഫോൺ അന്വേഷണ സംഘം പിടിച്ചെടുത്തിട്ടുണ്ട്. ഇവർ രണ്ടുപേരും ഇടപെട്ട് പ്രതിയായ കൗമാരക്കാരൻ മദ്യപിച്ചിരുന്നില്ല എന്നാണ് രക്തപരിശോധന റിപ്പോർട്ടിൽ രേഖപ്പെടുത്തിയിരുന്നത്.
എന്നാൽ സംഭവത്തിനു മുൻപു പ്രതി സുഹൃത്തുക്കൾക്കൊപ്പം പബ്ബിലിരുന്ന് മദ്യപിക്കുന്നതിന്റെ സിസിടിവി ദൃശ്യങ്ങൾ പുറത്തുവന്നതോടെ റിപ്പോർട്ടിൽ കൃത്രിമം നടന്നതായി ആരോപണമുയർന്നിരുന്നു.
നേരത്തെ മുതൽ തന്നെ പുണെയിലെ സമ്പന്ന കുടുംബത്തിൽപ്പെട്ട പ്രതിയെ രക്ഷിക്കാൻ പൊലീസും മറ്റ് അധികൃതരും ശ്രമിക്കുന്നുവെന്ന് നാട്ടുകാരും മരണപ്പെട്ട യുവതിയുടെയും യുവാവിന്റെയും കുടുംബങ്ങൾ ആക്ഷേപമുയർത്തിയിരുന്നു. സംഭവവുമായി ബന്ധപ്പെട്ട് പ്രതിയുടെ അച്ഛനെയും മുത്തച്ഛനെയും പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. പ്രതിയായ കൗമാരക്കാരൻ നിലവിൽ ജുവനൈൽ ഹോമിലാണ്.