പുണെ: പുണെയിലെ കല്യാണി നഗറിൽ രണ്ട് യുവ എഞ്ചിനീയർമാരുടെ ജീവനപഹരിച്ച ആഡംബര കാർ പിറന്നാൾ സമ്മാനമായി വിദേശത്ത് നിന്ന് ഇറക്കുമതി ചെയ്തത്. മദ്യപിച്ച് കാറോടിച്ച് അപകടമുണ്ടാക്കിയ 17കാരന് മുത്തച്ഛൻ നൽകിയ പിറന്നാൾ സമ്മാനമാണ് ഈ കാറെന്നാണ് പോലീസ് കണ്ടെത്തൽ.
സുരേന്ദ്ര അഗർവാൾ ആണ് കൊച്ചുമകന് കാർ സമ്മാനമായി നൽകിയത്. മാർക്കറ്റിൽ ഒരു കോടിക്ക് മുകളിൽ വിലവരുന്ന പോർഷെ ടെയാകാൻ കാറാണിത്. മെയ് 19-ന് പുലർച്ചെയാണ് അശ്വിനി കോഷ്ത, അനീഷ് ആവാഡിയ എന്നീ യുവ എഞ്ചിനീയർമാർ ബൈക്കിൽ സഞ്ചരിക്കുന്നതിനിടെ കൗമാരക്കാരൻ പോർഷെയിൽ അമിതവേഗത്തിലെത്തി ഇവരെ ഇടിച്ചിട്ടത്. ഇരുവർക്കും തൽക്ഷണം മരണം സംഭവിച്ചിരുന്നു. തുടർന്ന് കാർ നാട്ടുകാർ തല്ലിതകർക്കാനും ശ്രമിച്ചിരുന്നു.
മുത്തച്ഛൻ പ്രായപൂർത്തിയാകാത്ത കൊച്ചുമകന് കാർ സമ്മാനിക്കുക മാത്രമല്ല, കേസിൽ നിന്നും കൗമാരക്കാരനെ രക്ഷപ്പെടുത്താനും പലവഴിക്ക് ശ്രമിച്ചിരുന്നു. ഇതിനായി മറ്റൊരിടത്തേക്ക് മാറ്റാനും കുറ്റം വീട്ടിലെ ഡ്രൈവറുടെ തലയിൽ കെട്ടിവെയ്ക്കാനും ശ്രമിച്ചിരുന്നു. തുടർന്ന് മുത്തച്ഛനെയും കഴിഞ്ഞ ദിവസം പോലീസ് കസ്റ്റഡിയിലെടുത്തു.
അപകടസമയത്ത് കാറോടിച്ചിരുന്നത് താനാണ് എന്ന് കുറ്റമേൽക്കണം എന്നുപറഞ്ഞ് അഗർവാൾ കുടുംബം തനിക്ക് പണം വാഗ്ദാനം ചെയ്തതായും സമ്മതിക്കാതെ വന്നപ്പോൾ രണ്ടുദിവസം വീട്ടിലെ മുറിയിൽ പൂട്ടിയിട്ടെന്നും ഇവരുടെ ഡ്രൈവർ ഗംഗാറാം പൂജാരി പോലീസിന് മൊഴി നൽകിയിട്ടുണ്ട്. നിലവിൽ കേസിലെ പ്രധാന സാക്ഷിയാണ് ഗംഗാറാം.
A;SO READ- ചാലക്കുടി പുഴയിൽ കുളിക്കാനിറങ്ങിയ രണ്ട് പെൺകുട്ടികൾ മുങ്ങിമരിച്ചു; സംഭവം വടക്കൻ പറവൂരിൽ
അതേസമയം, ആഡംബര കാർ സമ്മാനിച്ചതിനെ കുറിച്ച് സുഹൃത്തുക്കൾ ഉൾപ്പെടുന്ന വാട്ട്സ്ആപ്പ് ഗ്രൂപ്പിൽ സുരേന്ദ്ര അഗർവാൾ മെസേജ് ഇട്ടിരുന്നെന്ന് അദ്ദേഹത്തിന്റെ സുഹൃത്ത് അമൻ വാധ്വ വെളിപ്പെടുത്തി. കാറിന്റെ ചിത്രം അടക്കമാണ് സുരേന്ദ്ര അഗർവാൾ വാട്സ്ആപ്പിൽ ഫോട്ടോ ഇട്ടതെന്നും പുറത്തെത്തിയ റിപ്പോർട്ടിൽ പറയുന്നു.
സംഭവത്തിൽ കേസെടുക്കാതെ 15 മണിക്കൂറിനകം കൗമാരക്കാരനെ ജാമ്യത്തിൽ വിട്ടയച്ചത് വലിയ വിവാദമായതോടെ പതിനേഴുകാരനെയും അച്ഛനെയും പോലീസ് വീണ്ടും സ്റ്റേഷനിൽ എത്തിച്ചിരുന്നു.