മുംബൈ: പുണെയിൽ മദ്യലഹരിയിൽ 17-കാരൻ പോർഷെ കാറോടിച്ചുണ്ടാക്കിയ അപകടത്തിൽ യുവ എൻജിനിയർമാർ കൊല്ലപ്പെട്ട സംഭവത്തിൽ കൂടുതൽ നടപടികൾ. മദ്യം നൽകിയ പബ് എക്സൈസ് അടച്ചുപൂട്ടി. നിയമം ലംഘിച്ച് പ്രായപൂർത്തിയാകാത്തവർക്ക് മദ്യം നൽകിയെന്ന പേരിലാണ് പബ് സീൽ ചെയ്തിരിക്കുന്നത്.
മധ്യപ്രദേശിലെ അബ്കാരി നിയമപ്രകാരം 25 വയസ്സാണ് മദ്യം വാങ്ങിക്കാനുള്ള പ്രായം. ബാർ ഉടമയെ നേരത്തെ പൂണെ പോലീസ് അറസ്റ്റുചെയ്തിരുന്നു. പിന്നാലെയാണ് പബ് അടച്ചുപൂട്ടിയത്. സംഭവത്തിൽ ബാർമാനേജരും, കാർ ഓടിച്ച 17 കാരന്റെ അച്ഛനും പോലീസ് കസ്റ്റഡിയിലാണ്.
എന്നാൽ പ്രതിയായ 17 കാരൻ അറസ്റ്റിലായെങ്കിലും 15 മണിക്കുറിനുള്ളിൽ ജാമ്യം ലഭിച്ച് പുറത്തിറങ്ങിയിരുന്നു. 17 വയസ്സും എട്ടുമാസവുമായിരുന്നു കാർ ഓടിക്കുമ്പോൾ കൗമാരക്കാരന്റെ പ്രായമെന്നത് കണക്കിലെടുത്താണ് കേസിൽ ഇളവ് നൽകിയിരിക്കുന്നത്.
മകന് ലൈസൻസ് ഇല്ലെന്നറിഞ്ഞിട്ടും വാഹനം നൽകിയെന്ന കേസാണ് അച്ഛനെതിരേ ചുമത്തിയിരിക്കുന്നത്. പ്രായപൂർത്തിയാവുന്നതിന് മുന്നെ മദ്യപാന പാർട്ടിക്ക് പങ്കെടുക്കാൻ അനുവാദം നൽകിയെന്ന വകുപ്പുമുണ്ട്.
പ്ലസ്ടു വിജയിച്ചതിന്റെ ആഘോഷത്തിനായി 17 കാരനും സുഹൃത്തുക്കളും ഞായറാഴ്ച പബിലെത്തി മദ്യപിക്കുകയായിരുന്നു. അവിടെവെച്ച് സുഹൃത്തുക്കളോടൊപ്പം മദ്യപിക്കുന്നതിന്റെ വീഡിയോയും പുറത്തെത്തിയിട്ടുണ്ട്. ഞായാറാഴ്ച രാത്രി മദ്യപിച്ച് 17 കാരൻ ഓടിച്ച പോർഷെ ആഢംബര കാർ കല്ല്യാണി നഗറിൽ വെച്ച് ബൈക്ക് യാത്രക്കാരെ ഇടിച്ചിടുകയായിരുന്നു. 2മണിക്കൂറിൽ 200 കിലോമീറ്ററിലധികം വേഗത്തിലായിരുന്നു കാർ. അപകടത്തിൽ രണ്ട് യുവ എൻജിനയർ കൊല്ലപ്പെടുകയും ചെയ്തു. മധ്യപ്രദേശിലെ ബിർസിങ്പുർ സ്വദേശി അനീഷ് അവാഡിയ(24), ജബൽപുർ സ്വദേശിനി അശ്വനി കോഷ്ത(24) എന്നിവരാണ് മരിച്ചത്.