പ്ലസ്ടു വിജയിച്ച ആഘോഷത്തിൽ 17കാരൻ മദ്യപിച്ച് ആഡംബര കാറോടിച്ചത് 240 കി.മീ വേഗത്തിൽ; ജീവനെടുത്തത് രണ്ട് യുവഎഞ്ചിനീയർമാരുടെ; സംഭവത്തിൽ ജനരോഷം

മുംബൈ: പുണെയിൽ പതിനേഴുകാരൻ ആഡംബര കാർ അമിതവേഗത്തിലോടിച്ച് രണ്ട് യുവഎഞ്ചിനീയർമാരുടെ ജീവനപഹരിച്ച സംഭവത്തിൽ ജനരോഷം പുകയുന്നു. ലൈസൻസില്ലാതെ വാഹനമോടിച്ച് അപകടമുണ്ടാക്കിയ പ്രതിക്കെതിരേ കൊലക്കുറ്റം ചുമത്തണമെന്നാണ് ഉയരുന്ന ആവശ്യം. പുണെ കല്യാണിനഗറിലാണ് സംഭവം. പതിനേഴുകാരൻ ഓടിച്ച പോർഷെ കാറിടിച്ച് ബൈക്ക് യാത്രികരായ യുവ എൻജിനിയർമാർ മരണപ്പെടുകയായിരുന്നു. ഞായറാഴ്ച പുലർച്ചെ 2.15-ഓടെയായിരുന്നു സംഭവം.

മധ്യപ്രദേശിലെ ബിർസിങ്പുർ സ്വദേശി അനീഷ് ആവാഡിയ(24), ജബൽപുർ സ്വദേശിനി അശ്വിനി കോഷ്ത(24) എന്നിവരാണ് മരണപ്പെട്ടത്. അപകടത്തിൽ കൊല്ലപ്പെട്ടവരുടെ ബന്ധുക്കൾ പ്രതിയായ പതിനേഴുകാരനെതിരേ കടുത്ത നടപടി ആവശ്യപ്പെട്ട് രംഗത്തെത്തിയിരിക്കുകയായിരുന്നു.

ഡ്രൈവിങ് ലൈസൻസ് ഇല്ലാത്ത 17കാരൻ മദ്യപിച്ച് 240 കിലോ മീറ്റർ വേഗത്തിൽ വാഹനമോടിച്ചതെന്നും അതിനാൽ ഇത് അപകടമല്ലെന്നും കൊലപാതകമാണെന്നും ബന്ധുക്കൾ പ്രതികരിച്ചു. സംഭവത്തിൽ കാറോടിച്ച പതിനേഴുകാരനെ പോലീസ് അറസ്റ്റ് ചെയ്തെങ്കിലും 15 മണിക്കൂറിനുള്ളിൽ പ്രതിക്ക് ജാമ്യം നൽകി വിട്ടയച്ചതും വലിയവിമർശനത്തിന് കാരണമായി.

ALSO READ- പെരിയാറില്‍ രാസമാലിന്യം ഒഴുക്കിവിട്ടു, കൂട്ടത്തോടെ ചത്തുപൊങ്ങിയത് ടണ്‍കണക്കിന് മത്സ്യങ്ങള്‍, നെഞ്ചുതകരുന്ന കാഴ്ച

റിയൽ എസ്റ്റേറ്റ് വ്യവസായിയുടെ മകനായ 17കാരൻ പ്ലസ്ടു പരീക്ഷ വിജയിച്ചതിന്റെ ആഘോഷത്തിലാണ് മദ്യപിച്ച് ആഡംബര കാർ ഓടിച്ചത്. പ്രതിക്ക് റോഡപകടങ്ങളെ സംബന്ധിച്ച് 300 വാക്കിൽ കവിയാത്ത ഉപന്യാസം എഴുതുക, 15 ദിവസം ട്രാഫിക് പോലീസിനൊപ്പം പ്രവർത്തിക്കുക, മദ്യപിക്കുന്ന ശീലം ഉൾപ്പെടെ മാറ്റാനായി കൗൺസിലിങ്ങിന് വിധേയനാകുക തുടങ്ങിയ ഉപാധികൾ വെച്ചാണ് കോടതി ജാമ്യം നൽകിയത്. എന്നാൽ, ഇതിനെതിരേ വലിയ വിമർശനമാണുയർന്നത്.


രണ്ടുപേരാണ് അപകടത്തിൽ മരിച്ചതെന്നും പ്രതിക്കെതിരേ ശക്തമായ നടപടി വേണമെന്നും പ്രതിയുടെ ജാമ്യം റദ്ദാക്കണമെന്നും മരണപ്പെട്ട അനീഷിന്റെ മുത്തച്ഛൻ ആത്മറാം പറഞ്ഞു.

Exit mobile version