ന്യൂഡല്‍ഹി: മേഘാലയയിലെ കല്‍ക്കരി ഖനിയില്‍ രക്ഷാപ്രവര്‍ത്തനം തുടരാന്‍ സര്‍ക്കാരിന് നിര്‍ദേശം നല്‍കി സുപ്രീംകോടതി. ഒരു അത്ഭുതം സംഭവിച്ചു കൂടാ എന്നില്ലാ എന്നും കോടതി വ്യക്തമാക്കി. കൂടുതല്‍ വിദഗ്ധരുടെ സഹായം തേടാനും സുപ്രീംകോടതി ആവശ്യപ്പെട്ടു.
‘നിങ്ങള്‍ രക്ഷാ പ്രവര്‍ത്തനങ്ങളുമായ് മുന്നോട്ട് പോവുക. ഒരു പക്ഷെ എല്ലാവരും, അല്ലെങ്കില്‍ കുറച്ചു പേരെങ്കിലും ഇപ്പോഴും ജീവനോടെ ഉണ്ടെങ്കിലോ? ‘എ.കെ സിക്രി അധ്യക്ഷനായ ബെഞ്ച് മേഘാലയ സര്‍ക്കാരിനോട് പറഞ്ഞു. അനധികൃത ഖനിയില്‍ കുടുങ്ങിക്കിടക്കുന്ന 15 ഖനിത്തൊഴിലാളികളെ രക്ഷിക്കാന്‍ നാവികസേന അഞ്ചു വിദൂര ഓപ്പറേറ്റഡ് വാഹനങ്ങളെ വിന്യസിച്ചിട്ടുണ്ട്.
ഒരു കോടി ലിറ്റര്‍ വെള്ളം പുറത്തേക്ക് പമ്പ് ചെയ്തുവെന്നും എന്നാല്‍ അടുത്തുള്ള നദിയില്‍ നിന്നും വെള്ളം ഉയരുന്നത് രക്ഷാപ്രവര്‍ത്തനത്തെ തടസ്സപ്പെടുത്തുന്നുവെന്നും സംസ്ഥാന സര്‍ക്കാര്‍ കോടതിയെ അറിയിച്ചു. അനധികൃത ഖനികള്‍ക്കെതിരെയും അത്തരം ഖനികളുടെ പ്രവര്‍ത്തനങ്ങള്‍ക്ക് അനുമതി നല്‍കുന്ന ഉദ്യോഗസ്ഥര്‍ക്കെതിരെയും നടപടിയെടുക്കണമെന്ന് സുപ്രീം കോടതി ആവശ്യപ്പെട്ടു.