ചെന്നൈ: ചെന്നൈയിൽ കെട്ടിടത്തിന്റെ നാലാംനിലയിൽ നിന്നും വീണ കുഞ്ഞിന്റെ അമ്മയെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. കാരമടസ്വദേശി രമ്യയാണ് (33) മരിച്ചത്. ഈയടുത്ത് സോഷ്യൽമീഡിയയിൽ വൈറലായ വീഡിയോയായിരുന്നു കെട്ടിടത്തിന്റെ നാലാംനിലയിൽനിന്നും താഴെവീണ പിഞ്ചു കുഞ്ഞിനെ രക്ഷിക്കുന്നത്. ഏഴുമാസം പ്രായമുള്ള പെൺകുഞ്ഞാണ് അന്ന് കെട്ടിടത്തിൽ നിന്നും വീണത്. കുഞ്ഞിന്റെ അമ്മയായ രമ്യ ഈ സംഭവത്തിന് പിന്നാലെ കടുത്തമാനസിക സമ്മർദ്ദത്തിലായിരുന്നു എന്നാണ് റിപ്പോർട്ട്.
മരണസമയത്ത് രമ്യ സ്വന്തം വീട്ടിലായിരുന്നു. ഭർത്താവിനും രക്ഷിതാക്കൾക്കുമൊപ്പം താമസിച്ചിരുന്ന രമ്യ ഞായറാഴ്ചയാണ് വീട്ടിനുള്ളിൽ തൂങ്ങിമരിക്കുകയായിരുന്നു. കാരമടസ്വദേശിയായ രമ്യയും ഭർത്താവ് വെങ്കടേശനും ചെന്നൈ ആവടിയിലെ തിരുമുല്ലവയലിലാണ് താമസിച്ചിരുന്നത്.
ഏപ്രിൽ 28-ന് ഏഴുമാസം പ്രായമുള്ള ഇവരുടെ മകൾ താമസിക്കുന്ന കെട്ടിടത്തിന്റെ നാലാം നിലയിൽനിന്ന് താഴെവീഴുകയായിരുന്നു. രമ്യയുടെ കൈയിൽനിന്നും വഴുതിവീണ പെൺകുട്ടി ഒന്നാംനിലയിലെ ഇരുമ്പുഷീറ്റിൽ തങ്ങിനിൽക്കുന്നതിന്റെയും സമീപവാസികൾ ചേർന്ന് രക്ഷപ്പെടുത്തുന്നതിന്റെയും വീഡിയോ പുറത്തെത്തിയിരുന്നു.
ഈ സംഭവത്തോടെ മാനസികമായി തകർന്ന രമ്യയും ഭർത്താവും കാരമടയിലെത്തി രക്ഷിതാക്കൾക്കൊപ്പമാണ് താമസിച്ചിരുന്നത്. മകൾ വഴുതിവീണ സംഭവത്തിൽ പലരും കുറ്റപ്പെടുത്തിയതിനെത്തുടർന്ന് രമ്യ കടുത്ത മാനസിക സംഘർഷത്തിലായിരുന്നുവെന്നാണ് കുടുംബത്തിന്റെ വാക്കുകൾ.
ALSO READ- ബൈക്കിൽ പെട്രോളില്ല, കനത്തമഴയും; നനയാതിരിക്കാൻ കയറി നിന്ന കടയിൽ നിന്നും ഷോക്കേറ്റ് കോഴിക്കോട് യുവാവിന് ദാരുണമരണം
ഞായറാഴ്ച രാവിലെ രമ്യയുടെ അച്ഛനും അമ്മയും ഒരു കല്യാണത്തിനുപോയതായിരുന്നു. ഭർത്താവ് വെങ്കടേഷ് മുറിയിൽ കിടന്നുറങ്ങുകയായിരുന്നു. ഉറക്കമുണർന്നുവന്ന വെങ്കടേഷാണ് രമ്യ തൂങ്ങിനിൽക്കുന്നത് കണ്ടത്. ഉടനെ കാരമടയിലും പിന്നീട് മേട്ടുപ്പാളയം ആശുപത്രിയിലും എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
Discussion about this post