പട്‌ന: ബിഹാറിൽ പോലീസ് കസ്റ്റഡിയിൽ ദമ്പതികൾ ജീവനൊടുക്കിയ സംഭവത്തിൽ പ്രതിഷേധിച്ച് പോലീസ് സ്റ്റേഷന് തീയിട്ട് നാട്ടുകാർ. താരാബാരി ഗ്രാമത്തിലാണ് സംബവം. കസ്റ്റഡി മരണമാണിതെന്ന് ആരോപിച്ച് പ്രദേശത്ത് പ്രതിഷേധം തുടരുകയാണ്. ഭാര്യ മരണപ്പെട്ട യുവാവ് കഴിഞ്ഞദിവസം 14 വയസ്സുള്ള ഭാര്യാസഹോദരിയെ വിവാഹം കഴിച്ചിരുന്നു. സ്ത്രീകൾക്ക് വിവാഹിതരാകാനുള്ള നിയമപരമായ പ്രായം 18 ആയതിനാൽ സംഭവം അറിഞ്ഞെത്തിയ പോലീസ് ഇരുവരേയും കസ്റ്റഡിയിൽ എടുക്കുകയായിരുന്നു.
വ്യാഴാഴ്ച ഉച്ചയോടെയാണ് ഇവരെ പോലീസ് കസ്റ്റഡിയിലെടുത്തത്. പിന്നീട് ദമ്പതികൾ പോലീസ് സ്‌റ്റേഷനിലെ ലോക്കപ്പിൽ വെച്ച് തൂങ്ങിമരിക്കുകയായിരുന്നു. എന്നാൽ, പോലിസ് മർദ്ദിച്ചതിനെ തുടർന്നാണ് ദമ്പതികൾ കസ്റ്റഡിയിൽ മരിച്ചതെന്നാണ് നാട്ടുകാരുടെ ആരോപിക്കുന്നത്.
ലോക്കപ്പിലെ സിസിടിവി ദ്യശങ്ങൾ ഇതിനിടെ പോലീസ് പുറത്തുവിട്ടു. ഒരാൾ തുണി ഉപയോഗിച്ച് തുങ്ങി മരിക്കാൻ ശ്രമിക്കുന്നത് ദൃശ്യങ്ങളിൽ കാണാം. അതേസമയം, ഇരുവരുടെയും മരണവാർത്ത അറിഞ്ഞതോടെ രോഷാകുലരായ ഗ്രാമവാസികൾ താരാബാരി പോലീസ് സ്റ്റേഷൻ വളയുകയും പോലീസുകാർക്ക് നേരെ കല്ലെറിയുകയും ചെയ്യുകയായിരുന്നു.
പോലീസിനെതിരെ മുദ്രാവാക്യം വിളിച്ച് ഇരച്ചെത്തിയ സംഘം സ്ഥലത്ത് തീവെയ്ക്കുകയും ചെയ്തു. സംഭവത്തിൽ അഞ്ച് പൊലീസ് ഉദ്യോഗസ്ഥർക്ക് പരിക്കേറ്റു. വിവരം ലഭിച്ചയുടൻ സദർ എസ്ഡിപിഒ രാംപുകർ സിംഗ് ഉൾപ്പെടെ നിരവധി പോലീസ് സ്റ്റേഷനുകളിൽ നിന്നുള്ള പോലീസ് ഉദ്യോഗസ്ഥർ സ്ഥലത്തെത്തിയതായി റിപ്പോർട്ടുകളുണ്ട്.
പോലീസിന്റെ അനാസ്ഥ മൂലമാണ് ദമ്പതികൾ കസ്റ്റഡിയിൽ മരിച്ചതെന്നാണ് നാട്ടുകാർ ആരോപിക്കുന്നത്. വിഷയത്തിൽ പ്രതികരിക്കാൻ പോലീസ് ഇതുവരെ തയ്യാറായിട്ടില്ല.
Discussion about this post