മുംബൈ: അതിശക്തമായ പൊടിക്കാറ്റിനിടെ മുംബൈയില്‍ പരസ്യ ബോര്‍ഡ് വീണ് മരിച്ചവരില്‍ റിട്ടയേര്‍ഡ് എയര്‍ ട്രാഫിക് കണ്‍ട്രോള്‍ മാനേജരും ഭാര്യയും. ചന്‍സോറിയ (60), ഭാര്യ അനിത (59) എന്നിവരാണ് മരിച്ചത്.
ഇവരുടെ മൃതദേഹങ്ങള്‍ കാറിനുള്ളില്‍ നിന്നാണ്കണ്ടെത്തിയത്. തിങ്കളാഴ്ചയാണ് അപകടം സംഭവിച്ചത്. 16 പേരാണ് ആകെ മരിച്ചത്. ശക്തമായ പൊടിക്കാറ്റില്‍ പെട്രോള്‍ പമ്പിലെ കൂറ്റന്‍ പരസ്യ ബോര്‍ഡ് തകര്‍ന്നുവീഴുകയായിരുന്നു.
ഇതിന്റെ അവശിഷ്ടങ്ങള്‍ക്കടിയില്‍ നൂറോളം പേരാണ് കുടുങ്ങിയിരുന്നത്. അതില്‍ ചന്‍സോറിയയും ഭാര്യയും ഉള്‍പ്പെടുകയായിരുന്നു. ചാന്‍സോറിയയുടെ വിസ നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കാന്‍ കുറച്ച് ദിവസത്തേക്ക് മുംബൈയിലെത്തിയതാണ് ഇവര്‍.
ജബല്‍പൂരിലേക്ക് മടങ്ങുന്നതിനിടെയാണ് അപകടത്തില്‍ പെട്ടത്. പൊടിക്കാറ്റ് ഉണ്ടായതോടെ ഘട്കോപ്പര്‍ പമ്പില്‍ പെട്രോള്‍ നിറയ്ക്കാനായി കയറിയതായിരുന്നു ദമ്പതികള്‍. ഇതിനിടയിലാണ് ബോര്‍ഡ് വീണ് മരിക്കുന്നത്.