കൊൽക്കത്ത: പശ്ചമബംഗാളിൽ ലോക്‌സഭാ തിരഞ്ഞെടുപ്പിന്റെ വോട്ടെടുപ്പ് പുരോഗമിക്കുന്നതിനിടെ നാടകീയത തുടരുന്നു. നാലാംഘട്ട വോട്ടെടുപ്പ് തിങ്കളാഴ്ച നടക്കാനിരിക്കെ തൃണമൂൽ കോൺഗ്രസ് സ്ഥാനാർത്ഥിയുടെ ഭാര്യ ബിജെപിയിൽ ചേർന്നത് വലിയ ചർച്ചയാവുകയാണ്. പശ്ചിമ ബംഗാളിലെ റാണാഘട്ട് മണ്ഡലത്തിലെ തൃണമൂൽ കോൺഗ്രസ് സ്ഥാനാർത്ഥി മുകുത് മാണി അധികാരിയുടെ ഭാര്യ സ്വാസ്ഥിക മഹേശ്വരിയാണ് ശനിയാഴ്ച ബിജെപിയിലേക്ക് ചേക്കേറിയത്.
അതേസമയം, വിവാഹമോചന നടപടികൾ നടന്നുകൊണ്ടിരിക്കുകയാണ് എന്നാണ് വിവരം. ഈ പശ്ചാത്തലത്തിലാണ് സ്വാസ്ഥിക ഭർത്താവിന്റെ രാഷ്ട്രീയ എതിരാളികൾക്കൊപ്പം ചേർന്നത്. ബിജെപി നേതാവ് മിഥുൻ ചക്രവർത്തിയുടെ നേതൃത്വത്തിൽ റാണാഘട്ടിൽ നടന്ന തിരഞ്ഞെടുപ്പ് റാലിയിലാണ് സ്വാസ്ഥിക ബിജെപിയിൽ ചേർന്നത്. മുകുത് മാണി അധികാരിക്ക് വോട്ട് നൽകുന്നവർ തന്നെ പോലെ വഞ്ചിക്കപ്പെടുമെന്ന് റാലിയിൽ സ്വാസ്ഥിക പറഞ്ഞു.
West Bengal: Swastika Maheshwari, wife of TMC candidate Mukutamani Adhikari joined BJP in the presence of Mithun Chakraborty pic.twitter.com/r5EyWGQJEN
— IANS (@ians_india) May 11, 2024
2021-ലെ പശ്ചിമ ബംഗാൾ നിയമസഭാ തിരഞ്ഞെടുപ്പിൽ റാണാഘട്ട് -ദക്ഷിണിൽനിന്ന് വിജയിച്ച ബിജെപി സ്ഥാനാർഥിയായിരുന്നു മുകുത്. എംഎൽഎ ആയിരിക്കെയാണ് മുകുതിനെ തൃണമൂൽ കോൺഗ്രസ് സ്ഥാനാനാർത്ഥിയായി പ്രഖ്യപിച്ചത്. ഇത് വലിയ വിവാദങ്ങൾക്ക് ഇടയാക്കിയിരുന്നു. പിന്നീട് കഴിഞ്ഞ മാസമാണ് നിയമസഭാ അംഗത്വം ഉപേക്ഷിച്ച് മുകുത് തൃണമൂൽ കോൺഗ്രസിൽ ചേർന്നത്.