ന്യൂഡൽഹി: കൂട്ടത്തോടെ അവധിയെടുത്ത് സമരം നടത്തിയ ജീവനക്കാർക്ക് പിരിച്ചുവിടൽ നോട്ടീസ് നൽകി എയർ ഇന്ത്യ എക്‌സ്പ്രസ്. 25 സീനിയർ ക്രൂ മെമ്പർമാരെ പിരിച്ചുവിട്ടതായാണ് റിപ്പോർട്ട് ചെയ്യുന്നത്. എയർ ഇന്ത്യ എക്‌സ്പ്രസ് ജീവനക്കാർ കൂട്ടമായി അവധിയെടുത്ത് നടത്തിയ സമരത്തെ തുടർന്ന് ഇന്നലെ മാത്രം 80ഓളം വിമാനസർവീസുകൾ മുടങ്ങിയിരുന്നു.
മാനേജ്‌മെന്റിനോടുള്ള പ്രതിഷേധത്തെതുടർന്നാണ് 200ലേറെ ജീവനക്കാർ കൂട്ടമായി രോഗാവധിയെടുത്തത് ചൊവ്വാഴ്ച രാത്രി മുതൽ സമരത്തിന്റെ ഭാഗമായത്. അതേസമയം, കൂട്ടത്തോടെ അവധിയെടുത്ത് സർവിസ് മുടക്കുന്നത് നിയമലംഘനം മാത്രമല്ല, എയർ ഇന്ത്യ എക്‌സ്പ്രസിന്റെ സർവിസ് ചട്ടങ്ങളുടെ ലംഘനം കൂടിയാണെന്ന് ജീവനക്കാർക്ക് അയച്ച നോട്ടീസിൽ പറയുന്നു. നോട്ടീസ് ലഭിച്ചവരെ ഇനി എയർ ഇന്ത്യ എക്‌സ്പ്രസ് ജീവനക്കാരായി പരിഗണിക്കില്ലെന്നും ഔദ്യോഗിക ഇ-മെയിൽ, സെർവർ തുടങ്ങിയവ കൈകാര്യം ചെയ്യാൻ അനുമതിയുണ്ടാകില്ലെന്നും അറിയിച്ചു. തൊഴിലാളികൾക്കുള്ള ആനുകൂല്യങ്ങൾ ലഭിക്കില്ലെന്നും നോട്ടീസിൽ പറയുന്നു.
സമരത്തിനിറങ്ങിയ സീനിയിൽ ക്രൂ അംഗങ്ങൾക്ക് ഇ-മെയിൽ വഴിയാണ് എയർ ഇന്ത്യ എക്‌സ്പ്രസ് നോട്ടീസ് അയച്ചത്. നീതീകരിക്കാവുന്ന ഒരു കാരണവുമില്ലാതെ ജീവനക്കാർ ആസൂത്രിതമായി കൂട്ട അവധിയെടുത്തെന്ന് നോട്ടീസിൽ പറയുന്നു. സർവിസ് ഷെഡ്യൂൾ ചെയ്ത് അവസാന നിമിഷത്തിലാണ് ജീവനക്കാർ അസുഖമാണെന്നും ഡ്യൂട്ടിക്ക് ഹാജരാകാനാവില്ലെന്നും അറിയിച്ചത്. തുടർന്ന് നിരവധി സർവിസുകൾ റദ്ദാക്കേണ്ടിവന്നു.
ഇത് മറ്റ് സർവിസുകളെയും ബാധിച്ചു. യാത്രക്കാർക്ക് വലിയ തോതിലുള്ള അസൗകര്യങ്ങൾ സൃഷ്ടിച്ചു. സർവിസുകൾ മുടക്കുക ലക്ഷ്യമിട്ട് കരുതിക്കൂട്ടിയുള്ള അവധിയെടുക്കലാണ് നടന്നതെന്നും നോട്ടീസിൽ പറയുന്നു.
ALSO READ- വടക്കഞ്ചേരിയില്‍ പള്ളിയുടെ ഭണ്ഡാരം കുത്തിതുറന്ന് മോഷണം; സിസിടിവി ദൃശ്യങ്ങള്‍ പുറത്ത്, പ്രതിയ്ക്കായി തെരച്ചില്‍
ജീവനക്കാരുടെ സമരം കാരണം മേയ് 13 വരെ സർവിസുകൾ വെട്ടിക്കുറക്കേണ്ടി വരുമെന്ന് എയർ ഇന്ത്യ എക്‌സ്പ്രസ് സിഇഒ അലോക് സിങ് അറിയിച്ചു. സംഭവത്തിൽ കേന്ദ്ര വ്യോമയാന മന്ത്രാലയം റിപ്പോർട്ട് തേടിയിട്ടുണ്ട്.