സിബിഐ സ്പെഷ്യല്‍ ഡയറക്ടറായിരുന്ന പ്രധാനമന്ത്രി നരേന്ദ്ര മോഡിയുടെ വിശ്വസ്തന്‍ രാകേഷ് അസ്താനയ്ക്കെതിരെ അന്വേഷണം തുടരാമെന്ന് ഡല്‍ഹി ഹൈക്കോടതി. കൈക്കൂലി കേസുകളിലെ എഫ്ഐആര്‍ റദ്ദാക്കണമെന്ന അസ്താനയുടെ ഹര്‍ജി ഡല്‍ഹി ഹൈക്കോടതി തള്ളി. അന്വേഷണം വേഗത്തിലാക്കണമെന്നും ഡല്‍ഹി ഹൈക്കോടതി നിര്‍ദേശിച്ചു. സിബിഐ സ്പെഷ്യല്‍ ഡയറക്ടര്‍ സ്ഥാനത്ത് നിന്ന് രാകേഷ് അസ്താനയെ പുറത്താക്കിയിരുന്നു.
കള്ളപ്പണക്കേസില്‍ പ്രതിചേര്‍ക്കാതിരിക്കാന്‍ കൈക്കൂലി വാങ്ങിയെന്നാണ് രാകേഷ് അസ്താനയ്ക്കെതിരെ ഉയര്‍ന്ന ആരോപണവും കേസും.
തലപ്പത്തുണ്ടായ പോരിനെ തുടര്‍ന്ന് ഇന്നുവരെ രാജ്യം കാണാത്ത നടപടികളിലൂടെയാണ് സിബിഐ നീങ്ങുന്നത്. കേന്ദ്രസര്‍ക്കാര്‍ സിബിഐ ഡയറക്ടര്‍ അലോക് വര്‍മ്മയെ പുറത്താക്കിയതും സുപ്രീം കോടതി ഇടപെടലിലൂടെ അദ്ദേഹം തിരിച്ചു കയറിയതിന് പിന്നാലെ സെലക്ട് കമ്മിറ്റി അദ്ദേഹത്തെ വീണ്ടും പുറത്താക്കിയിരുന്നു.
പുറത്താക്കപ്പെട്ട ഡയറക്ടര്‍ അലോക് വര്‍മ്മ പുറപ്പെടുവിച്ച സ്ഥലമാറ്റ ഉത്തരവുകള്‍ ഇടക്കാല ഡയറക്ടറായി ചുമതലയേറ്റ എന്‍ നാഗേശ്വര്‍ റാവു റദ്ദാക്കി.
സുപ്രീം കോടതി ഉത്തരവിനെ തുടര്‍ന്ന് സിബിഐ ഡയറക്ടറായി തിരിച്ചെത്തിയതിന് പിന്നാലെ അലോക് വര്‍മ്മ പുറപ്പെടുവിച്ച ഉത്തരവുകളാണ് നാഗേശ്വര്‍ റാവു റദ്ദാക്കിയത്. ജോയിന്റ് ഡയറക്ടര്‍മാരായ അജയ്ഭട്ട്നഗര്‍, മുരുകേശന്‍, ഡിഐജി എംകെ സിന്‍ഹ, ഡിഐജി തരുണ്‍ ഗൗബ, എകെ ശര്‍മ്മ എന്നിവരെ സ്ഥലം മാറ്റിക്കൊണ്ടായിരുന്നു അലോക് വര്‍മ്മ ഉത്തരവിറക്കിയത്. ഈ ഉത്തരവിറങ്ങി മണിക്കൂറുകള്‍ക്കകം പ്രധാനമന്ത്രി ഉള്‍പ്പെട്ട നിയമന സമിതി യോഗം ചേര്‍ന്ന് അലോക് വര്‍മ്മയെ പുറത്താക്കുകയായിരുന്നു.
തനിക്കെതിരെ ബാലിശമായ ആരോപണങ്ങളാണ് ഉള്ളതെന്നും തന്നോട് ശത്രുത പുലര്‍ത്തുന്ന ഒരാളുടെ ആരോപണത്തെ തുടര്‍ന്ന് പുറത്താക്കിയ നടപടി ദുംഖകരമാണെന്നും അലോക് വര്‍മ്മ പ്രതികരിച്ചു. സിബിഐയ്ക്കുള്ളില്‍ പുറത്തുനിന്നുള്ള സ്വാധീനം ഉണ്ടാകുന്നുവെന്നും അലോക് വര്‍മ്മ ആരോപിച്ചു. കേന്ദ്രസര്‍ക്കാരിനെതിരെയാണ് പുറത്തായ സിബിഐ മേധാവി വിരല്‍ ചൂണ്ടുന്നത്.
2018 ഒക്ടോബര്‍ 23-ന് അര്‍ധരാത്രിയിലാണ് കേന്ദ്രസര്‍ക്കാര്‍ അലോക് വര്‍മയ്ക്കെതിരേ നടപടി സ്വീകരിച്ച് നിര്‍ബന്ധിത അവധിയില്‍ പ്രവേശിക്കാന്‍ നിര്‍ദേശിച്ചത്. നാഗേശ്വരറാവുവിനെ സിബിഐയുടെ ഇടക്കാല ഡയറക്ടറായി നിയമിക്കുകയും ചെയ്തിരുന്നു.
റഫാല്‍ കരാറില്‍ അന്വേഷണം തുടങ്ങാനിരിക്കെയാണ് അലോക് വര്‍മ്മയെ സിബിഐ ഡയറക്ടര്‍ സ്ഥാനത്തുനിന്ന് നീക്കിയതെന്ന ആരോപണവുമായി കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ഗാന്ധി രംഗത്തെത്തിയിരുന്നു.