ന്യൂഡല്‍ഹി: മുന്നറിയിപ്പില്ലാതെ 80 ലധികം വിമാനങ്ങള്‍ റദ്ദാക്കി ടാറ്റ ഗ്രൂപ്പിന്റെ ഉടമസ്ഥതയിലുള്ള എയര്‍ ഇന്ത്യ എക്സ്പ്രസ്. ഇപ്പോഴിതാ, ഫ്ലൈറ്റ് റദ്ദാക്കിയതില്‍ യാത്രക്കാര്‍ക്കുണ്ടായ അസൗകര്യത്തില്‍ ക്ഷമ ചോദിച്ചിരിക്കുകയാണ് എയര്‍ ഇന്ത്യ എക്സ്പ്രസ്.
ക്യാബിന് ക്രൂവിലെ ഒരു വിഭാഗത്തില്‍ കുറച്ചുകാലമായി അതൃപ്തി നിലനില്‍ക്കുന്നുണ്ട്. 200-ലധികം ക്യാബിന് ക്രൂ ജീവനക്കാരാണ് സിക്ക് ലീവ് എടുത്തിരിക്കുന്നത്. ക്യാബിന് ക്രൂ ക്ഷാമം കാരണം ചൊവ്വാഴ്ച രാത്രി മുതല്‍ കുറഞ്ഞത് 80 ലധികം വിമാനങ്ങള്‍ റദ്ദാക്കുകയും നിരവധി വിമാനങ്ങള്‍ വൈകുകയും ചെയ്തു.
കൊച്ചി, കോഴിക്കോട്, ബാംഗ്ലൂര്‍ എന്നിവയുള്‍പ്പെടെ വിവിധ വിമാനത്താവളങ്ങളില്‍ വിമാന സര്‍വീസുകള്‍ തടസ്സപ്പെട്ടു. അതേസമയം, അന്താരാഷ്ട്ര വിമാന സര്‍വീസുകള്‍ റദ്ദാക്കേണ്ടി വന്നത് യാത്രക്കാര്‍ക്കിടയില്‍ പ്രതിഷേധം ഉയര്‍ത്തി.
”ഞങ്ങളുടെ ക്യാബിന് ക്രൂവിലെ ഒരു വിഭാഗം അവസാന നിമിഷം അസുഖം അവധി റിപ്പോര്‍ട്ട് ചെയ്തു, ഇത് ഇന്നലെ രാത്രി മുതല്‍, ഫ്ലൈറ്റ് കാലതാമസത്തിനും റദ്ദാക്കലിനും കാരണമായി. ഈ സംഭവങ്ങള്‍ക്ക് പിന്നിലെ കാരണങ്ങള്‍ മനസിലാക്കാന്‍ ഞങ്ങള്‍ ജോലിക്കാരുമായി ചര്‍ച്ച നടത്തുകയാണ്. യാത്രക്കാര്‍ക്ക് ഉണ്ടാകുന്ന അസൗകര്യങ്ങള്‍ കുറയ്ക്കുന്നതിന് ഞങ്ങളുടെ ടീമുകള്‍ ശ്രമിക്കുന്നുണ്ട്’ എയര്‍ ഇന്ത്യ എക്സ്പ്രസ് വക്താവ് പ്രസ്താവനയില്‍ പറഞ്ഞു.
Discussion about this post