ന്യൂഡൽഹി: 2019ലെ തോൽവി വരെ കോൺഗ്രസിന്റെ ഉരുക്കു കോട്ടയായിരുന്ന ഉത്തർ പ്രദേശിലെ അമേഠിയിൽ ഇത്തവണ കോൺഗ്രസ് കളത്തിലിറക്കിയത് കിഷോരി ലാൽ ശർമയെയാണ്. നെഹ്‌റു കുടുംബാംഗങ്ങൾ മത്സരിച്ച് വിജയിച്ചിരുന്ന മണ്ഡലത്തിൽ കിഷോരി ലാലിനെ സ്ഥാനാർഥിയാക്കിയത് കോൺഗ്രസ് തോൽവി ഭയന്നാണെന്ന് പരിഹസിച്ച് ബിജെപി രംഗത്തെത്തിയിരുന്നു.
അമേഠിയിൽ വീണ്ടും സ്മൃതി ഇറാനിക്കെതിരെ രാഹുൽ ഗാന്ധി മത്സരിക്കുമെന്ന തരത്തിൽ ചർച്ച നടക്കുന്നതിനിടെയാണ് കിഷോരി ലാലിന്റെ സ്ഥാനാർഥിത്വം പ്രഖ്യാപിച്ചത്. രാഹുൽ ഗാന്ധിയാകട്ടെ മറ്റൊരു പരമ്പരാഗത മണ്ഡലമായ റായ്ബറേലിയാണ് രണ്ടാമത്തെ മണ്ഡലമായി തിരഞ്ഞെടുത്തതും.
അതേസമയം, ബിജെപിയുടെ പരിഹാസത്തിന് മറുപടി നൽകി രംഗത്തെത്തിയിരിക്കുകയാണ് കിഷോരി ലാൽ. താൻ പരിചയ സമ്പന്നനായ രാഷ്ട്രീയക്കാരനാണെന്നും ഗാന്ധി കുടുംബത്തിന്റെ വേലക്കാരനല്ലെന്നുമാണ് കിഷോരി ലാലിന്റെ വാക്കുകൾ.
താൻ കോൺഗ്രസിന്റെ ശമ്പളം പിൻപറ്റുന്ന ആളല്ലെന്നും കോൺഗ്രസിന്റെ ശക്തികേന്ദ്രമായിരുന്ന അമേഠിയിൽ ഇക്കുറി സ്മൃതി ഇറാനിയെ പരാജയപ്പെടുത്താൻ സാധിക്കുമെന്നും അദ്ദേഹം പറഞ്ഞു.
യൂത്ത്‌കോൺഗ്രസിലൂടെയാണ് 1983ൽ അമേഠിയിലെത്താൻ സാധിച്ചത്. പാർട്ടി ഹൈക്കമാൻഡാണ് ഇപ്പോൾ അമേഠിയിൽ തന്നെ സ്ഥാനാർഥിയാക്കിയത്. ഈ സീറ്റിലേക്ക് ആരെയും കണ്ടെത്തിയിരുന്നില്ല. സ്മൃതി ഇറാനിയെ തീർച്ചയായും പരാജയപ്പെടുത്താൻ സാധിക്കും. വർഷങ്ങളായി രാഷ്ട്രീയത്തിൽ പ്രവർത്തിക്കുന്ന ഒരാളാണ് ഞതാൻ. കറയറ്റ രാഷ്ട്രീയക്കാരനെന്നാണ് കിഷോരി ലാൽ പറയുന്നത്.
അതേസമയം, നെഹ്‌റു കുടുംബത്തിന്റെ വിശ്വസ്തനെന്നാണ് കിഷോരി ലാൽ അറിയപ്പെടുന്നത്. 2019 വരെ കോൺഗ്രസിന്റെ ഉരുക്കുകോട്ടയായിരുന്നു അമേഠി. 2019ൽ 55000 വോട്ടുകൾക്ക് സ്മൃതി ഇറാനി രാഹുൽ ഗാന്ധിയെ പരാജയപ്പെടുത്തിയതോടെയാണ് അമേഠിയിൽ ചിത്രം മാറിയത്. അതേസമയം, അമേഠിയിൽ പരാജയപ്പെടുമെന്ന് മുൻകൂട്ടി കണ്ട് രാഹുൽ ഒളിച്ചോടിയതാണെന്നായിരുന്നു പ്രധാനമന്ത്രി നരേന്ദ്രമോഡിയുടെ പരാമർശം.