കോവിഡ് വാക്‌സിനായ കോവിഷീൽഡിന് പാർശ്വഫലങ്ങളുണ്ടെന്ന അസ്ട്രസെനക്കയുടെ തുറന്നുപറച്ചിലിന് പിന്നാലെ നിരവധി ചർച്ചകളാണ് ഉയരുന്നത്. ഇതിനിടെ ബോളിവുഡ് താരം ശ്രേയസ് താൽപഡെ തനിക്ക് തനിക്ക് ഹൃദയാഘാതമുണ്ടാവാൻ കാരണമായത് കോവിഡ് വാക്‌സിൻ ആണോയെന്ന സംശയം പങ്കിട്ട് രംഗത്തെത്തിയിരിക്കുകയാണ്.
പുകവലിയോ മദ്യപാനമോ ശീലമില്ലാത്ത തനിക്കെങ്ങനെ ഹൃദയാഘാതമുണ്ടായെന്നാണ് നടന്റെ സംശയം. കോവിഡ് -19 വാക്‌സിനേഷനേഷന് ശേഷം ക്ഷീണം അനുഭവപ്പെട്ടിരുന്നു. കോവിഡ് വാക്‌സിനായ കോവി ഷീൽഡ് എടുത്തവരിൽ പാർശ്വഫലത്തിന് സാധ്യതയുണ്ടെന്ന റിപ്പോർട്ടിനെ കുറിച്ച് ഒരു അഭിമുഖത്തിൽ സംസാരിക്കവെയാണ് തനിക്കുണ്ടായ അനുഭവം താരം പങ്കിട്ടത്.
താൻ പുകവലിക്കില്ല, സ്ഥിരം മദ്യപാനിയുമല്ല, മാസത്തിലൊരിക്കൽ മാത്രമാണ് കഴിക്കുന്നത്. പുകയില ഉപയോഗിക്കില്ല. കൊളസ്‌ട്രോൾ അൽപം കൂടുതലാണ്. അത് സാധാരണമെന്നാണ് ഡോക്ടർ പറഞ്ഞത്. അതിന് മരുന്ന് കഴിച്ചിരുന്നു. അതുപോലെ പ്രമേഹമോ രക്തസമ്മർദ്ദമോ ഇല്ല. എന്നിട്ടും തനിക്ക് എങ്ങനെ ഹൃദയാഘാതം വരും? എന്താണ് അതിന് കാരണം? എന്നാണ് ശ്രേയസ് തൽപാഡെ ചോദിക്കുന്നത്.
കോവിഡ് വാക്‌സിനായ കോവി ഷീൽഡ് എടുത്തവരിൽ പാർശ്വഫലത്തിന് സാധ്യതയെ ഞാൻ തള്ളിക്കളയുന്നില്ല. കോവിഡ് വാക്‌സിൻ എടുത്തതിന് ശേഷം കുറച്ച് ക്ഷീണവും തളർച്ചയും അനുഭവപ്പെട്ടിരുന്നു. ഒരുപക്ഷേ അത് കോവിഡ് മൂലമോ അല്ലെങ്കിൽ വാക്‌സിന്റെ പാർശ്വഫലമോ ആയിരിക്കാം.
കോവിഡ് വാക്‌സിനെക്കുറിച്ച് പ്രചരിക്കുന്നതിൽ അൽപം സത്യമുണ്ടായിരിക്കണം. അതിനെ പൂർണ്ണമായും നിഷേധിക്കാനാവില്ല. നമ്മുടെ ശരീരത്തിനുള്ളിൽ എന്താണ് നടക്കുന്നതെന്ന് നമ്മൾ ശിക്കും അറിയുന്നില്ല. ഇത് വളരെ ദൗർഭാഗ്യകരമാണ്, നമ്മൾ ഒഴുക്കിനൊപ്പം പോയി കമ്പനികളെ വിശ്വസിച്ചു. കോവിഡ് -19 ന് മുമ്പ് ഇത്തരം സംഭവങ്ങളെക്കുറിച്ച് താൻ കേട്ടിട്ടില്ലെന്നും ശ്രേയസ് പറഞ്ഞു.
കഴിഞ്ഞ ഡിസംബറിലാണ് ശ്രേയസ് തൽപാഡെക്ക് ഹൃദയാഘാതം ഉണ്ടായത്. ഇതിനുമുമ്പ് ജീവിതത്തിൽ ഒരിക്കലും ആശുപത്രിയിൽ അഡ്മിറ്റ് ആയിട്ടില്ലെന്നും ആരോഗ്യം നിസ്സാരമായി കാണരുതെന്നും താരം ടൈംസ് ഓഫ് ഇന്ത്യക്ക് നൽകിയ അഭിമുഖത്തിൽ പറയുന്നുണ്ട്.