ചെന്നൈ: വലകാപ്പ് ചടങ്ങിനായി യാത്ര പുറപ്പെട്ട ഏഴുമാസം ഗർഭിണിയായ യുവതിക്ക് ട്രെയിനിൽ നിന്നും വീണ് ദാരുണമരണം. തെങ്കാശി ശങ്കരൻകോവിൽ സ്വദേശി സുരേഷ് കുമാറിന്റെ ഭാര്യ കസ്തൂരിയാണ്(22) മരിച്ചത്. എഗ്മൂർ കൊല്ലം എക്‌സ്പ്രസിൽ വെച്ചായിരുന്നു അപകടം. അതേസമയം, ഗർഭിണി ട്രെയിനിൽ നിന്ന് വീണ് മരിച്ച സംഭവത്തിൽ ദക്ഷിണ റെയിൽവേ അന്വേഷണം തുടങ്ങി.
ചെന്നൈയിൽ നിന്നു തെങ്കാശിയിലേക്കു വളകാപ്പ് ചടങ്ങിനായി പോകവേ കടലൂർ ജില്ലയിലെ വിരുദാചലത്തിന് സമീപം വച്ചാണ് വ്യാഴാഴ്ച രാത്രി സംഭവമുണ്ടായത്. ഗർഭിണിയായിരുന്ന യുവതി ഛർദിക്കാനായി കംപാർട്‌മെന്റിലെ വാഷ്ബേസിന് സമീപം നിൽക്കവേ പുറത്തേക്കു തെറിച്ചുവീഴുകയായിരുന്നു.
ഉടനെ തന്നെ ബന്ധുക്കൾ അപായച്ചങ്ങല വലിച്ചെങ്കിലും ട്രെയിൻ നിന്നില്ല. തുടർന്ന് അടുത്ത കംപാർട്‌മെന്റിൽ പോയി അപായച്ചങ്ങല വലിച്ച് ട്രെയിൻ നിർത്തിച്ചു. എങ്കിലും ഈ സമയത്തിനുള്ളിൽ ട്രെയിൻ എട്ട് കിലോമീറ്ററോളം പിന്നിട്ടിരുന്നു.
റെയിൽവേ പോലീസിനെ അറിയിച്ചതിനെ തുടർന്ന് കസ്തൂരിക്കായി ട്രാക്കിൽ തിരച്ചിൽ നടത്തിയെങ്കിലും കണ്ടെത്താൻ സാധിച്ചില്ല. തുടർന്ന് കുടുംബം റെയിൽവെ പോലീസിൽ പരാതി നൽകി. പിന്നീട് പോലീസ് നടത്തിയ തിരച്ചിലിൽ വെള്ളിയാഴ്ച പുലർച്ചെ പൂവനൂരിൽ നിന്നാണ് മൃതദേഹം കണ്ടെത്തിയത്.
യുവതിയുടെ ജീവൻ നഷ്ടമായത് അപായച്ചങ്ങല പ്രവർത്തിക്കാത്തതുകൊണ്ടാണെന്നും, ട്രെയിൻ ഉടനെ നിർത്താനായിരുന്നെങ്കിൽ യുവതിയെ രക്ഷിക്കാനാകുമായിരുന്നെന്നും ബന്ധുക്കൾ പറയുന്നു.
കസ്തൂരിയുടെ വിവാഹം 9 മാസം മുൻപായിരുന്നു. അതേസമയം, ട്രെയിൻ കൊല്ലത്ത് യാത്ര അവസാനിപ്പിച്ച ശേഷം റെയിൽവേ അധികൃതരും ആർപിഎഫ് ഉദ്യോഗസ്ഥരും കംപാർട്‌മെന്റിൽ പരിശോധന നടത്തി. അപായച്ചങ്ങല കൃത്യമായി പ്രവർത്തിച്ചിരുന്നോ എന്നതും വീഴ്ച സംഭവിച്ചത് എവിടെയാണെന്നും കണ്ടെത്താൻ പ്രത്യേക സമിതിയെ നിയോഗിച്ചിരിക്കുകയാണ്.