ഹൈദരാബാദ്: ഹൈദരാബാദ് സെൻട്രൽ യൂണിവേഴ്‌സിറ്റിയിൽ വെച്ച് ജീവനൊടുക്കിയ പിഎച്ച്ഡി വിദ്യാർഥി രോഹിത് വെമുലയുടെ മരണവുമായി ബന്ധപ്പെട്ട് പോലീസ് റിപ്പോർട്ടിൽ പറയുന്ന ആരോപണങ്ങളിൽ പൊരുത്തക്കേടുണ്ടെന്നു ഡിജിപി. കേസിൽ തുടരന്വേഷണമുണ്ടാവുമെന്ന സൂചന നൽകിയിരിക്കുകയാണ് തെലങ്കാന ഡിജിപി രവി ഗുപ്ത.
പോലീസ് കോടതിയിൽ സമർപ്പിച്ച രോഹിത് വെമുലയുടെ കേസിലെ അന്തിമ റിപ്പോർട്ടിൽ ചില പൊരുത്തക്കേടുകളുണ്ടെന്നും കേസിൽ കോടതിയോട് ഇടപ്പെടാൻ അഭ്യർഥിക്കുമെന്നും അദ്ദേഹം പറഞ്ഞു. ഇതിനിടെ, രോഹിത് വെമുലയുടെ മാതാവിനേയും സഹോദരനേയും തെലങ്കാന മുഖ്യമന്ത്രി രേവന്ത് റെഡ്ഡി കൂടിക്കാഴ്ചക്കായി ക്ഷണിച്ചിട്ടുണ്ട്.
രോഹിത് വെമുലയുടെ മരണത്തിന് ശേഷം നീതിക്കായി പൊരുതിയ അധ്യാപകരും വിദ്യാർഥികളും ഈ കൂടിക്കാഴ്ചയിൽ പങ്കെടുത്തേക്കും. രോഹിത് വെമുല കേസിൽ തെലങ്കാന പോലീസ് അന്തിമ റിപ്പോർട്ട് നൽകിയത് വലിയ വിവാദമായിരുന്നു. തെലങ്കാന പോലീസ് സമർപ്പിച്ച റിപ്പോർട്ടിൽ രോഹിത് വെമുല ദലിതനല്ലെന്നും യഥാർഥ ജാതി പുറത്ത് വരുമെന്ന ഭയത്താലാണ് 2016ൽ ആത്മഹത്യ ചെയ്തതെന്നുമാണ് പറയുന്നത്. കൂടാതെ വ്യാജ ജാതി സർട്ടിഫിക്കറ്റ് നിർമ്മിച്ചാണ് പ്രവേശനം നേടിയതെന്നും പോലീസ് റിപ്പോർട്ടിൽ പറയുന്നു. കേസിൽ പ്രതികളായ ബിജെപി നേതാക്കളേയും അധ്യാപകരേയും കുറ്റവിമുക്തരാക്കുന്നതാണ് ഈ റിപ്പോർട്ട്. അതേസമയം, ജില്ല കലക്ടർ തങ്ങളുടെ കുടുംബത്തെ എസ്‌സി വിഭാഗത്തിൽ ഉൾപെടുത്തിയിട്ടുണ്ടെന്നാണ് രോഹിത്തിന്റെ സഹോദരൻ രാജ വെമുല പ്രതികരിച്ചത്.
അതേസമയം, റിപ്പോർട്ടിൽ ചില സംശയങ്ങളുണ്ട്. അത് കോടതിയോട് പരിശോധിക്കാൻ അഭ്യർഥിക്കുമെന്നാണ് ഡിജിപി അറിയിച്ചിരിക്കുന്നത്. അന്വേഷണ ഉദ്യോഗസ്ഥർ എന്തെങ്കിലും വിവരങ്ങൾ ഉന്നതാധികാരികളുടെ ശ്രദ്ധയിൽപ്പെടുത്തിയില്ലെങ്കിൽ അത് കണ്ടെത്തുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
മാധപൂർ അസിസ്റ്റന്റ് കമീഷണറാണ് കേസിൽ അന്വേഷണം നടത്തിയത്. നവംബറിന് മുമ്പ് തന്നെ അന്തിമ റിപ്പോർട്ട് തയാറാക്കിയിരുന്നു. മാർച്ച് 21ന് അന്തിമ റിപ്പോർട്ട് കോടതിയിൽ സമർപ്പിച്ചുവെന്നും ഡിജിപി പുറത്തിറക്കിയ പ്രസ്താവനയിൽ പറഞ്ഞു.