ന്യൂഡൽഹി: നെഹ്റു കുടുംബത്തിന്റെ വിശ്വസ്ത മണ്ഡലമായ ഉത്തർപ്രദേശിലെ റായ്ബറേലിയിൽ ഇത്തവണ രാഹുൽ ഗാന്ധി മത്സരിക്കും. രാഹുൽ നാമനിർദേശപത്രിക സമർപ്പിച്ചു. വരണാധികാരിയായ ജില്ലാ മജിസ്ട്രേറ്റിന്റെ ഓഫീസിലെത്തി നാമനിർദേശപത്രിക സമർപ്പിക്കാനെത്തിയപ്പോൾ മാതാവ് സോണിയ ഗാന്ധി, സഹോദരി പ്രിയങ്ക ഗാന്ധി, എഐസിസി അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ തുടങ്ങിയവർ അനുഗമിച്ചു.
അതേസമയം, നാമനിർദേശപത്രിക സമർപ്പിക്കേണ്ട അവസാനദിവസമായ വെള്ളിയാഴ്ച രാവിലെയാണ് കോൺഗ്രസ് ദേശീയനേതൃത്വം റായ്ബറേലിയിലും അമേഠിയിലും സ്ഥാനാർഥികളെ പ്രഖ്യാപിച്ചത്. റായ്ബറേലിയിൽ രാഹുലിന്റെ പേരും അമേഠി തിരിച്ചുപിടിക്കാൻ നെഹ്റു കുടുംബത്തിന്റെ വിശ്വസ്തനായ കിഷോരിലാൽ ശർമ്മയെയുമാണ് നിയോഗിച്ചിരിക്കുന്നത്.
#WATCH | Uttar Pradesh: Congress MP Rahul Gandhi files nomination from Raebareli for the upcoming #LokSabhaElection2024
BJP has fielded Dinesh Pratap Singh from Raebareli. pic.twitter.com/R0IYOCnJA1
— ANI (@ANI) May 3, 2024
അതേസമയം, ലോക്സഭ തെരഞ്ഞെടുപ്പിൽ റായ്ബറേലിയിൽ മത്സരിക്കുമെന്ന കാര്യം രാഹുൽ ഗാന്ധിക്ക് വയനാട്ടിലെ ജനങ്ങളെ അറിയിക്കാമായിരുന്നുവെന്ന് വയനാട്ടിലെ എൽഡിഎഫ് സ്ഥാനാർഥി ആനി രാജ. അക്കാര്യം മറച്ചുവെച്ച് രാഹുൽ ഗാന്ധി വയനാട്ടിലെ വോട്ടർമാരോട് നീതികേട് കാണിച്ചുവെന്നാണ് ആനി രാജ പ്രതികരിച്ചത്.
രാഹുലിന്റെ നടപടി രാഷ്ട്രീയ ധാർമികതക്ക് നിരക്കാത്തതാണ്. പാർലമെന്ററി ജനാധിപത്യത്തിൽ ഒരാൾക്ക് രണ്ട് മണ്ഡലങ്ങളിൽ മത്സരിക്കാം. എന്നാൽ രണ്ട് മണ്ഡലങ്ങളിലും വിജയിച്ചാൽ ഏതെങ്കിലും ഒരു മണ്ഡലത്തിൽ നിന്ന് രാജിവെക്കേണ്ടി വരും. ഏത് മണ്ഡലത്തിൽ നിന്ന് രാജിവെച്ചാലും ആ മണ്ഡലത്തിൽ അദ്ദേഹത്തെ വിജയിപ്പിച്ച വോട്ടർമാരോടുള്ള അനീതിയാണത്.
രാഹുൽ രണ്ട് മണ്ഡലങ്ങളിൽ മത്സരിക്കുന്ന കാര്യം പെട്ടെന്നെടുത്ത തീരുമാനമായിരിക്കില്ല. ഇതിനായുള്ള ചർച്ചകൾ പാർട്ടി ആഴ്ചകൾക്കു മുന്നേ തുടങ്ങിയിട്ടുണ്ടാകും. തീരുമാനമായിട്ടില്ലെങ്കിലും ഒരു മണ്ഡലത്തിൽ കൂടി മത്സരിക്കുന്നത് ചർച്ചയിലുണ്ട് എന്ന് പറയാൻ രാഹുലിന് ധാർമികമായ ബാധ്യതയുണ്ടായിരുന്നുവെന്നാണ് ആനി രാജ പറഞ്ഞത്.
Discussion about this post