രോഹിത് വെമുല ദളിത് വിദ്യാർത്ഥിയല്ലെന്ന് തെലങ്കാന പോലീസ്; വ്യാജസർട്ടിഫിക്കറ്റ് പുറത്തുവരുമെന്ന ഭയത്തിൽ ജീവനൊടുക്കിയെന്ന് അന്തിമ റിപ്പോർട്ട്

ഹൈദരാബാദ്: ഹൈദരാബാദ് കേന്ദ്ര സർവ്വകലാശാലയിലെ ഗവേഷക വിദ്യാർഥിയായിരുന്ന രോഹിത് വെമുല ജീവനൊടുക്കിയതുമായി ബന്ധപ്പെട്ട കേസ് അവസാനിപ്പിച്ച് തെലങ്കാന പോലീസ്. ഹൈക്കോടതിയിൽ അന്തിമ റിപ്പോർട്ട് നൽകി കേസ് അവസാനിപ്പിക്കാനാണ് പോലീസിന്റെ നീക്കം.

രോഹിത് ദളിത് വിദ്യാർത്ഥിയല്ലെന്ന വാദമാണ് പോലീസ് അന്തിമറിപ്പോർട്ടിലും ആവർത്തിച്ചിരിക്കുന്നത്. വ്യാജസർട്ടിഫിക്കറ്റ് ഉണ്ടാക്കിയാണ് രോഹിത് സർവ്വകലാശാലയിൽ പ്രവേശനം നേടിയതെന്നും ഇത് പുറത്തുവരുമോ എന്ന ഭയം മൂലമാകാം ആത്മഹത്യ ചെയ്തതെന്നും പോലീസ് റിപ്പോർട്ടിൽ ആരോപിക്കുന്നു.

സർവകലാശാലയിൽ നേരിട്ടിരുന്ന ദളിത് വിവേചനം ചൂണ്ടിക്കാണിച്ച് ആത്മഹത്യാക്കുറിപ്പ് പങ്കിട്ടായിരുന്നു രോഹിതിന്റെ ആത്മഹത്യ. 2016 ജനുവരി 17നാണ് ഹോസ്റ്റൽ മുറിയിൽ രോഹിത് ജീവനൊടുക്കിയത്. താൻ അടക്കമുള്ള അഞ്ച് വിദ്യാർഥികളുടെ സസ്‌പെൻഷനെതിരായ രാപ്പകൽ സമരത്തിനൊടുവിലായിരുന്നു രോഹിത് ആത്മഹത്യ ചെയ്തത്.

ALSO READ- ഒരു കുടുംബത്തിന്റെ മുഴുവൻ പ്രതീക്ഷ തകർത്തത് അരളിപ്പൂവോ? വിമാനത്താവളത്തിൽ സൂര്യ കുഴഞ്ഞുവീണു മരിക്കാൻ കാരണം ഒരു നിമിഷത്തെ അശ്രദ്ധയെന്ന്

രോഹിത് എഴുതിയ അഞ്ച് പേജുള്ള ആത്മഹത്യക്കുറിപ്പ് രാജ്യത്തെമ്പാടും വലിയ കോളിളക്കമാണ് ഉണ്ടാക്കിയത്. ജെഎൻയു, ഡൽഹി തുടങ്ങിയ സർവകാലാശാലകളിലടക്കം രോഹിതിന്റെ ആത്മഹത്യയെ തുടർന്ന് പ്രതിഷേധം ആളിക്കത്തിയിരുന്നു.

Exit mobile version