കാണ്‍പൂര്‍: വിവാഹമോചിതയായാല്‍ സമൂഹം സ്ത്രീയെ എന്നും മോശക്കാരിയായിട്ടാണ് കാണുന്നത്. ഇന്നത്തെ കാലത്തും അതിന് വലിയ മാറ്റമൊന്നുമില്ല. സഹതാപ കണ്ണുകളും അവള്‍ക്കെന്താ അപകടം സംഭവിച്ച മട്ടിലുമാണ് സമൂഹത്തിന്റെ പെരുമാറ്റം. എന്നാല്‍ ഇത്തരം കാഴ്ചപ്പാടുകളെയെല്ലാം തകര്‍ത്തെറിയുന്ന വീഡിയോയാണ് ശ്രദ്ധേയമാകുന്നത്.
വിവാഹമോചിതയായ മകളെ ആഘോഷത്തോടെ വീട്ടിലേക്ക് ക്ഷണിക്കുന്ന അച്ഛനാണ് വീഡിയോയിലുള്ളത്. ബിഎസ്എന്‍എല്ലില്‍ ജോലി ചെയ്യുന്ന അനില്‍ കുമാര്‍ ആണ് മകള്‍ ഉര്‍വിക്ക് (36) ആഘോഷപൂര്‍വമായ വരവേല്‍പ് നല്‍കിയത്. ന്യൂഡല്‍ഹിയിലെ പാലം എയര്‍പോര്‍ട്ടില്‍ എന്‍ജിനീയറായ ഉര്‍വി 2016ലാണ് കമ്പ്യൂട്ടര്‍ എഞ്ചിനിയറായ ചകേരി സ്വദേശി ആശിഷിനെ വിവാഹം കഴിക്കുന്നത്. ഡല്‍ഹിയിലായിരുന്നു ദമ്പതികള്‍ താമസിച്ചിരുന്നത്. ഇവര്‍ക്ക് ഒരു മകളുമുണ്ട്.
‘അവളുടെ കല്യാണത്തിന് ശേഷം പറഞ്ഞയച്ച പോലെ തന്നെ ഞങ്ങള്‍ അവളെ തിരികെ കൊണ്ടുവന്നു. അവള്‍ വീണ്ടും തല ഉയര്‍ത്തി ജീവിതം തുടങ്ങണമെന്ന് ഞങ്ങള്‍ ആഗ്രഹിക്കുന്നു.’ അനില്‍ കുമാര്‍ പറഞ്ഞു. സ്ത്രീധനത്തിന്റെ പേരില്‍ ഉര്‍വിയുടെ ഭര്‍തൃവീട്ടുകാര്‍ പീഡിപ്പിക്കുകയായിരുന്നുവെന്നാണ് ആരോപണം. തുടര്‍ന്ന് വിവാഹമോചനത്തിനായി കോടതിയെ സമീപിച്ചു. ഫെബ്രുവരി 28നാണ് കോടതി വിവാഹമോചനം അനുവദിച്ചത്.
‘എട്ട് വര്‍ഷത്തെ പീഡനങ്ങളും മര്‍ദനങ്ങളും പരിഹാസങ്ങളും സഹിച്ച് ബന്ധം നിലനിര്‍ത്താന്‍ ഞാന്‍ കഠിനമായി ശ്രമിച്ചു, പക്ഷേ ഒടുവില്‍ അത് തകര്‍ന്നു,’ ഉര്‍വി പറയുന്നു. അവളെ തിരികെ വീട്ടിലേക്ക് കൊണ്ടുവരുമ്പോള്‍, ഞാന്‍ ബാന്‍ഡ് മേളത്തിനുള്ള ക്രമീകരണങ്ങള്‍ ചെയ്തു, അതുവഴി സമൂഹത്തിലേക്ക് ഒരു നല്ല സന്ദേശം പകരാനും മാതാപിതാക്കള്‍ക്ക് വിവാഹശേഷം അവരുടെ പെണ്‍മക്കളെ അവഗണിക്കാതെ മനസിലാക്കാനും സാധിക്കും’അനില്‍ കുമാര്‍ വ്യക്തമാക്കി.
എന്റെ മകള്‍ക്കും ചെറുമകള്‍ക്കുമൊപ്പം ജീവിക്കാന്‍ ഞാന്‍ കാത്തിരിക്കുകയാണ്. അതൊരു വല്ലാത്ത അനുഭവമാണ്’ ഉര്‍വിയുടെ അമ്മ കുസുമലത പറഞ്ഞു. അതേസമയം, മാതാപിതാക്കളുടെ തീരുമാനത്തെ അഭിനന്ദിച്ച ഉര്‍വി, പുതിയൊരു ജീവിതം ആരംഭിക്കുന്നതിന് മുമ്പ് താനൊരു ഇടവേള എടുക്കുമെന്ന് പറഞ്ഞു.
ബാന്‍ഡ് മേളത്തിന്റെ അകമ്പടിയോടെ ഉര്‍വിയെ ആനയിക്കുന്ന ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ വൈറലായിട്ടുണ്ട്. വിവാഹഘോഷ യാത്രയിലെന്ന പോലെ ബന്ധുക്കളും ചടങ്ങിനുണ്ടായിരുന്നു. ദൃശ്യങ്ങള്‍ പകര്‍ത്താനായി ഫോട്ടോഗ്രാഫറെയും ഏര്‍പ്പാടാക്കിയിരുന്നു. ഉര്‍വി തിരികെ സ്വന്തം വീടിന്റെ ഗേറ്റ് തുറന്ന് വീട്ടിലേക്ക് കയറുന്ന ദൃശ്യങ്ങളും വീഡിയോയിലുണ്ട്.
कानपुर : तलाक होने पर बेटी को धूमधाम से वापस लाया पिता
➡बेटी को लाने ढोल-बाजे के साथ ससुराल पहुंचा पिता
➡उर्वी की शादी चकेरी के आशीष के साथ हुई थी
➡उर्वी दिल्ली एयरपोर्ट पर कार्यरत है, उनकी एक 5 साल बेटी है
➡8 साल बाद हुआ तलाक तो पिता लाया वापस
➡लेकिन दहेज लोभी ससुरालियों… pic.twitter.com/VSP6Dyst4C— भारत समाचार | Bharat Samachar (@bstvlive) April 29, 2024