ബംഗളൂരു: 2021 ഡിസംബറോടെ ഇന്ത്യ ബഹിരാകാശത്തേക്ക് യാത്രികരെ അയക്കുമെന്ന് ഐഎസ്ആര്‍ഒ മേധാവി കെ ശിവന്‍. ഗഗന്‍യാന്‍ പദ്ധതി പ്രകാരമായിരിക്കും ഇന്ത്യ മനുഷ്യരെ ബഹിരാകാശത്തേക്ക് എത്തിക്കുക. ഇത് സാധ്യമായാല്‍ മനുഷ്യരെ ബഹിരാകാശത്തേക്ക് അയക്കുന്ന നാലാമത്തെ രാജ്യമെന്ന നേട്ടം ഇന്ത്യയ്ക്ക് സ്വന്തമാകും. തയാറെടുക്കുക. കഴിഞ്ഞ സ്വാതന്ത്ര്യ ദിനത്തിനാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി ഗഗന്‍യാന്‍ പദ്ധതി പ്രഖ്യാപിച്ചത്. പദ്ധതിയുടെ ആദ്യ ഘട്ട പരിശീലനം ഇന്ത്യയില്‍ നടക്കും. വിദഗ്ദപരിശീലനം ഒട്ടേറെപ്പേരെ ബഹിരാകാശത്തേക്ക് അയച്ച റഷ്യയുടെ കീഴിലാകാന്‍ സാധ്യതയുണ്ട്. സംഘത്തില്‍ വനിതായാത്രികയും ഉണ്ടാകുമെന്നും കെ ശിവന്‍ പറഞ്ഞു.
കഴിഞ്ഞ മാസം കേന്ദ്രമന്ത്രി രവി ശങ്കര്‍ പ്രസാദ് ഗഗന്‍യാന്‍ പദ്ധതിയുടെ ഭാഗമായി 2022നകം ഏഴു ദിവസത്തേക്ക് മൂന്ന് ഇന്ത്യക്കാരെ ബഹിരാകാശത്തേക്ക് അയക്കാന്‍ ലക്ഷ്യമിടുന്നുണ്ടെന്ന് അറിയിച്ചിരുന്നു.
ഗഗന്‍യാന്‍ പദ്ധതിക്ക് 10,000 കോടി രൂപയും കേന്ദ്രമന്ത്രിസഭ അനുവദിച്ചിരുന്നു. ഐഎസ്ആര്‍ഒയുടെ ഏറ്റവും വലിയ റോക്കറ്റ് ജിഎസ്എല്‍വി മാര്‍ക്ക് 3 ഉപയോഗിച്ച് ശ്രീഹരിക്കോട്ടയില്‍ നിന്ന് യാത്രികരെ ബഹിരാകാശത്ത് എത്തിക്കാനാണ് ഐഎസ്ആര്‍ഒയുടെ നീക്കം. ഗഗന്‍യാന്‍ പദ്ധതിയുമായി സഹകരിക്കാന്‍ റഷ്യയും ഫ്രാന്‍സുമായി ഇന്ത്യ കരാര്‍ ഉണ്ടാക്കിയിട്ടുണ്ട്.