ന്യൂഡൽഹി: ലോക്‌സഭാ തിരഞ്ഞെടുപ്പ് വോട്ടെടുപ്പ് രണ്ടാം ഘട്ടവും പിന്നിട്ടതിന് പിന്നാലെ കോൺഗ്രസിന് കനത്ത തിരിച്ചടി. വോട്ടെടുപ്പ് നടക്കാനിരിക്കെ ഇൻഡോറിലെ കോൺഗ്രസ് സ്ഥാനാർഥി പത്രിക പിൻവലിച്ച് ബിജെപിയിൽ ചേർന്നു. മധ്യപ്രദേശിലെ ഇൻഡോറിൽ കോൺഗ്രസ് സ്ഥാനാർഥിയായ അക്ഷയ് കാന്തി ഭം ആണ് ബിജെപിയിൽ ചേർന്നത്.
അക്ഷയ് കാന്തി ബിജെപി എംഎൽഎ രമേശ് മെൻഡോലയ്ക്കൊപ്പം കളക്ടറേറ്റിലെത്തിയാണ് തന്റെ സ്ഥാനാർഥിത്വം പിൻവലിച്ചത്. നേരത്തെ നാമനിർദേശ പത്രികയുടെ സൂക്ഷ്മപരിശോധനയിൽ ബിജെപി അക്ഷയ് കാന്തി ഭമിന്റെ നാമനിർദേശ പത്രികയിൽ ആക്ഷേപം ഉന്നയിച്ചിരുന്നു. 17 വർഷം പഴക്കമുള്ള കേസ് പരാമർശിക്കാത്തതിനായിരുന്നു ആക്ഷേപം ഉന്നയിച്ചത്.
എന്നാൽ ജില്ലാ കളക്ടർ എതിർപ്പ് തള്ളുകയും നാമനിർദേശ പത്രിക സ്വീകരിക്കുകയും ചെയ്തു. കോൺഗ്രസിന്റെ മൂന്ന് ഡമ്മി സ്ഥാനാർഥികളുടെ പത്രിക തള്ളുകയും ചെയ്തിരുന്നു. ഇതിന് പിന്നാലെയാണ് അക്ഷയ് കാന്തി ഭം തനിക്കും മറ്റുബിജെപി നേതാകൾക്കുമൊപ്പം വാഹനത്തിലിരിക്കുന്ന ചിത്രം മധ്യപ്രദേശ് മന്ത്രി കൈലാഷ് വിജയവർഗിയ എക്സിൽ പങ്കുവെച്ചത്.
നേരത്തെ ഗുജറാത്തിലെ സൂറത്തിൽ സ്ഥാനാർഥിയുടെ നാമനിർദേശ പത്രിക തള്ളിയിരുന്നു. ഇതുമായി ബന്ധപ്പെട്ട് കോൺഗ്രസ് നേതൃത്വം രൂക്ഷവിമർശനം നേരിടുന്നതിനിടയിലാണ് സ്ഥാനാർത്ഥിയുടെ കാലുമാറ്റം.