ലഖ്നൗ: ഇന്ത്യ മുന്നണിയും ന്യൂനപക്ഷങ്ങളെ പ്രീണിപ്പിക്കാനായി ബീഫ് കഴിക്കുന്നത് പ്രോത്സാഹിപ്പിക്കുകയാണെന്ന് യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. കോൺഗ്രസ് തിരഞ്ഞെടുപ്പിൽ വിജയിച്ച് അധികാരത്തിൽവന്നാൽ ബീഫ് കഴിക്കാനുള്ള അനുമതി എല്ലാവർക്കും നൽകാനാണ് ലക്ഷ്യമിടുന്നത്. ബീഫ് കഴിക്കാനുള്ള അനുമതി നൽകിക്കൊണ്ട് ന്യൂനപക്ഷ വിഭാഗങ്ങളെ പ്രീണിപ്പിക്കാനാണ് കോൺഗ്രസിന്റെ നീക്കമെന്നും യോഗി ആരോപിച്ചു.
‘കോൺഗ്രസ് ബീഫ് കഴിക്കാനുള്ള അനുമതി നൽകുമെന്ന വാഗ്ദാനം നൽകിയിരിക്കുകയാണ്. കശാപ്പുകാരുടെ കയ്യിലേക്കാണ് പശുവിനെ കൊടുക്കാൻ പോകുന്നത്. ഇന്ത്യ ഇത് അംഗീകരിക്കുമോ? ഗോമാതാവിനോടുള്ള ആരാധന കാരണം ഹിന്ദു ആചാരം പിന്തുടരുന്ന രാജ്യത്തെ ജനങ്ങൾ ബീഫ് കഴിക്കാത്തവരാണ്. ന്യൂനപക്ഷങ്ങളെ പരിഗണിച്ച് കോൺഗ്രസ് ബീഫ് കഴിക്കാനുള്ള ഇളവ് നൽകുന്നത് ഒരിക്കലും അംഗീകരിക്കാനാവില്ല’- എന്നാണ് യോഗി മൊറാദാബാദിൽ നടന്ന ബിജെപി പ്രചാരണ പരിപാടിയിൽ പറഞ്ഞത്.
അതേസമയം, കോൺഗ്രസിന്റെ പ്രകടനപത്രികയിൽ ഉൾപ്പടെ എവിടെയും ബീഫിനെക്കുറിച്ച് പരാമർശിക്കുന്നില്ല എന്നതാണ് യാഥാർഥ്യം. ഈ സാഹചര്യത്തിൽ വിദ്വേഷപ്രചാരണം നടത്തുകയാണ് യോഗി ആദിത്യനാഥെന്നാണ് ദേശീയ മാധ്യമങ്ങളിലെ റിപ്പോർട്ട്.
ഗോവധം സംബന്ധിച്ച് കർശന നിയമങ്ങളാണ് ഉത്തർപ്രദേശിലുള്ളത്. പുതിയ ഭേദഗതി ചെയ്യപ്പെട്ട ഗോവധ നിരോധന നിയമമനുസരിച്ച് യുപിയിൽ ഗോവധം നടത്തുന്നവർക്ക് മൂന്ന് വർഷം തടവും മൂന്ന് ലക്ഷം രുപ പിഴയും വരെ ലഭിക്കും.