ഗോവ: ദിവസം ഒരു ഈന്തപ്പഴം മാത്രം കഴിച്ച് വ്രതമനുഷ്ടിച്ച സഹോദരങ്ങള്‍ വീട്ടില്‍ മരിച്ചനിലയില്‍. ഗോവയിലെ മര്‍ഗാവിലാണ് സംഭവം. 27, 29 വയസുള്ള യുവാക്കളാണ് പട്ടിണി കിടന്ന് മരിച്ചത്. ഇവരുടെ അമ്മയെ അവശനിലയില്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഗോവയിലെ മര്‍ഗാവില്‍ ഇന്നലെ രാവിലെയാണ് സംഭവം. സഹോദരങ്ങളായ സുബേര്‍ ഖാന്‍, ആഫാന്‍ ഖാന്‍ എന്നിവരെയാണ് വീട്ടിലെ രണ്ടു മുറികളിലായി മരിച്ച നിലയില്‍ കണ്ടെത്തിയത്. തൊട്ടപ്പുറത്ത് ഇവരുടെ അമ്മ റുഖ്സാന ഖാനെ അവശനിലയിലും കണ്ടെത്തി. മെലിഞ്ഞൊട്ടിയ നിലയിലായിരുന്നു സഹോദരങ്ങളുടെ മൃതദേഹം.
ഭാര്യയും മക്കളുമായി അകന്നുകഴിഞ്ഞിരുന്ന അച്ഛന്‍ നസീര്‍ ഖാന്‍ വീട്ടിലെത്തിയപ്പോഴാണ് ദാരുണ സംഭവം പുറത്തറിഞ്ഞത്. വിളിച്ചിട്ടും വാതില്‍ തുറക്കാതിരുന്നതോടെ പോലീസ് എത്തി പരിശോധിച്ചപ്പോഴാണ് മക്കളെ മരിച്ച നിലയില്‍ കണ്ടെത്തിയത്. കഠിനമായ വൃതാനുഷ്ടാനം ഉള്‍പ്പെടെ റുഖ്‌സാനയുടെയും മക്കളുടെയും വിചിത്രമായ ഭക്ഷണ രീതികളില്‍ എതിര്‍പ്പുണ്ടായിരുന്ന നസീര്‍ ഖാന്‍ മറ്റൊരു വീട്ടിലേക്ക് താമസം മാറിയിരുന്നു.
മാസങ്ങളായി ബന്ധുക്കളുമായോ അയല്‍ക്കാരുമായോ ഇവര്‍ക്ക് ബന്ധമുണ്ടായിരുന്നില്ല. ആഴ്ചകളോളം ദിവസം ഒരു ഈന്തപ്പഴം മാത്രമാണ് ഇവര്‍ കഴിച്ചിരുന്നതെന്നാണ് നിഗമനം. പേശികള്‍ ശോഷിച്ചതും പോഷകാഹാര കുറവുമാണ് മരണകാരണമെന്ന് പോസ്റ്റുമോര്‍ട്ടത്തില്‍ പറയുന്നു. എന്‍ജിനീയറായ സുബേര്‍ ഖാന്‍ വിവാഹിതനാണ്. സഹോദരന്‍ ആഫാന്‍ ഖാനും ഉന്നതപഠനം പൂര്‍ത്തിയാക്കിയിരുന്നു. അമ്മയുമായി ഇവര്‍ ഏറെ അടുപ്പം പുലര്‍ത്തിയിരുന്നതായും വിചിത്രമായ സ്വഭാവം പ്രകടിപ്പിച്ചിരുന്നതായും ബന്ധുക്കള്‍ പറയുന്നു. അവശനിലയിലായിരുന്ന അമ്മ റുഖ്സാന ഖാനെ അടിയന്തര ചികിത്സയ്ക്ക് ശേഷം മാനസികാരോഗ്യ കേന്ദ്രത്തിലേക്ക് മാറ്റി. ഗോവ പോലീസ് കേസില്‍ വിശദമായ അന്വേഷണം തുടരുകയാണ്.
Discussion about this post