ന്യൂഡൽഹി: രാജ്യത്ത് തിരഞ്ഞെടുപ്പ് ചൂട് കനക്കുമ്പോഴും സംഘർഷമൊഴിയാതെ മണിപ്പൂർ. സംസ്ഥാനത്ത് വീണ്ടും ഉണ്ടായ സംഘർഷത്തിൽ രണ്ട് സിആർപിഎഫ് ജവാന്മാർക്ക് വീരമൃത്യു. ബിഷ്ണുപ്പുർ ജില്ലയിലെ നരൻസേന മേഖലയിൽ വെച്ച് കുക്കി വിഭാഗത്തിലെ സായുധ സംഘം സൈന്യത്തിനെതിരെ വെടിയുതിർക്കുകയായിരുന്നു. താഴ്‌വരയിലെ സിആർപിഎഫ് പോസ്റ്റുകൾ ലക്ഷ്യമാക്കി പുലർച്ചെയാണ് വെടിവെപ്പ് ഉണ്ടായതെന്ന് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ടുചെയ്യുന്നു.
വെടിവയ്പ്പിൽ രണ്ടു സൈനികർക്ക് പരുക്കേറ്റിട്ടുമുണ്ട്. സിആർപിഎഫ് സബ് ഇൻസ്പെക്ടർ എൻ സർക്കാർ, കോൺസ്റ്റബിൾ അരൂപ് സൈനി എന്നിവരാണ് മരിച്ചത്. ഇൻസ്പെക്ടർ ജാദവ് ദാസ്, കോൺസ്റ്റബിൾ അഫ്താബ് ദാസ് എന്നിവർക്കാണ് പരുക്കേറ്റത്. തെരഞ്ഞെടുപ്പ് ഡ്യൂട്ടിക്കെത്തിയ സിആർപിഎഫ് ജവാന്മാരാണ് ആക്രമണത്തിന് ഇരയായത്. പ്രശ്നബാധിത പ്രദേശത്ത് വിന്യസിച്ചിരുന്ന സൈനികരായിരുന്നു ഇവർ.
2023 ഓഗസ്റ്റ്, സെപ്റ്റംബർ മാസങ്ങളിൽ മെയ്‌തെയ്-കുക്കി സായുധ സംഘങ്ങൾ തമ്മിൽ കനത്ത വെടിവയ്പ്പുകൾ പൊട്ടിപ്പുറപ്പെട്ട പ്രദേശമാണ് നരൻസേന. ആക്രമണം നടത്തിയവർക്കെതിരെ വ്യാപക തിരച്ചിൽ തുടങ്ങിയെന്നാണ് സിആർപിഎഫ് അറിയിച്ചിരിക്കുന്നത്.
Discussion about this post