ന്യൂഡല്‍ഹി: മുന്നാക്ക വിഭാദത്തിലെ പിന്നോക്കക്കാര്‍ക്ക് 10 ശതമാനം സംവരണം നല്‍കാനുള്ള നീക്കം ലോക്സഭാ തെരഞ്ഞെടുപ്പില്‍ എന്‍ഡിഎയ്ക്ക് മുതലെടുക്കാനാകുമെന്ന് ലോക് ജനശക്തി പാര്‍ട്ടി അധ്യക്ഷന്‍ രാം വിലാസ് പാസ്വാന്. മുന്നാക്ക സംവരണം ഉത്തര്‍പ്രദേശിലും ബിഹാറിലും വിജയം നേടാന്‍ മുന്നണിയെ സഹായിക്കും. സംവരണത്തെ എതിര്‍ത്ത ആര്‍ജെഡിക്ക് ബിഹാറില്‍ അക്കൗണ്ട് തുറക്കാനാവില്ലെന്നും പസ്വാന് അഭിപ്രായപ്പെട്ടു.
രഘുവംശ് പ്രസാദ് സിങ്, ജഗ്ദാനന്ദ് സിങ് തുടങ്ങിയ ആര്‍ജെഡി നേതാക്കള്‍ മുന്നാക്ക വിഭാഗത്തില്‍പെടുന്നവരാണ്. സംവരണത്തെ എതിര്‍ത്ത ഇവര്‍ എങ്ങനെയാണ് അവരുടെ സമുദായത്തിലെ ജനങ്ങള്‍ക്കു മുന്നില്‍ വോട്ടുചോദിച്ച് ചെല്ലുകയെന്നും പാസ്വാന് ആരാഞ്ഞു.
മന്മോഹന് സിങ്ങിന്റെ ജാതി തനിക്കറിയില്ല. മന്മോഹന് സിങ് ഒഴികെ കോണ്‍ഗ്രസ് പ്രധാനമന്ത്രിമാര്‍ സവര്‍ണ സമുദായത്തില്‍ നിന്നുള്ളവരാണെന്ന് കരുതുന്നു. അവര്‍ എന്തുകൊണ്ട് സവര്‍ണരിലെ പാവങ്ങള്‍ക്ക് വേണ്ടി സംവരണം നടപ്പാക്കിയില്ലെന്നും പസ്വാന് മാധ്യമങ്ങള്‍ നല്കിയ അഭിമുഖത്തില്‍ ചോദിച്ചു.
എന്‍ഡിഎ വീണ്ടും ഭരണത്തിലെത്തിയാല്‍ സാമ്പത്തിക സംവരണം ഒമ്പതാം ഷെഡ്യൂളില്‍ ഉള്‍പ്പെടുത്തുമെന്നും രാം വിലാസ് പസ്വാന് കൂട്ടിച്ചേര്‍ത്തു.
Discussion about this post