ന്യൂഡല്‍ഹി: കേന്ദ്ര വാണിജ്യ വ്യവസായ മന്ത്രാലയത്തിന്റെ ഉത്തരവ് പ്രകാരം ഹോര്‍ലിക്സ് ഇനി മുതല്‍ ‘ഹെല്‍ത്തി ഡ്രിങ്ക്സ്’എന്ന പേരില്‍ ഉള്‍പ്പെടുത്തില്ല. ഹോര്‍ലിക്സ് ഇനി മുതല്‍ ‘ഫംഗ്ഷണല്‍ ന്യൂട്രീഷ്യന്‍ ഡ്രിങ്ക്സ്’ എന്നാകും അറിയപ്പെടുക. ഇതോടെ ഹെല്‍ത്തി ഡ്രിങ്ക്സ് എന്ന നിലയില്‍ ഏറെ ജനപ്രീതി ഉണ്ടായിരുന്ന ഹോര്‍ലിക്സ് തിരിച്ചടികള്‍ നേരിട്ട് തുടങ്ങി.
ഹിന്ദുസ്ഥാന്‍ യുണിലിവറിന്റെ ഉടമസ്ഥതിയിലുള്ള ഹോര്‍ലിക്സിന്റെ ഡ്രിങ്ക് നെയിം മാറിയതോടെ വലിയ നഷ്ടമാണ് കമ്പനിക്ക് സംഭവിച്ചത്. പേര് മാറ്റത്തോടെ ഹിന്ദുസ്ഥാന്‍ യുണിലിവര്‍ ഓഹരികളുടെ വില 1.63 ശതമാനം ഇടിഞ്ഞു. കേന്ദ്ര വാണിജ്യ വ്യവസായ മന്ത്രാലയം ഇ-കൊമേഴ്സ് വെബ്സൈറ്റുകളോട് ‘ഹെല്‍ത്തി ഡ്രിങ്ക്സ്’ വിഭാഗത്തില്‍ നിന്ന് പാനീയങ്ങള്‍ നീക്കം ചെയ്യാന്‍ ആവശ്യപ്പെട്ടതിനെത്തുടര്‍ന്നാണ് ഹിന്ദുസ്ഥാന്‍ യുണിലിവറിന്റെ ‘ഹെല്‍ത്ത് ഫുഡ് ഡ്രിങ്കുകള്‍’ ഫംഗ്ഷണല്‍ ന്യൂട്രീഷ്യന്‍ ഡ്രിങ്ക്സ് (എഫ്എന്‍ഡി) എന്ന് പുനര്‍നാമകരണം ചെയ്തിരിക്കുന്നത്.
2006ലെ ഫുഡ് സേഫ്റ്റി ആന്റ് സ്റ്റാന്‍ഡേര്‍ഡ് നിയമ പ്രകാരം ‘ഹെല്‍ത്ത് ഡ്രിങ്ക്സിന്’ പ്രത്യേകിച്ച് ഒരു നിര്‍വചനവുമില്ലെന്ന് ദേശീയ ബാലാവകാശ സംരക്ഷണ കമ്മീഷന് ഈയിടെ വ്യക്തമാക്കിയിരുന്നു. പാല്, ധാന്യങ്ങള്‍ എന്നിവ അടിസ്ഥാനമാക്കിയുള്ള പാനീയങ്ങള്‍ ‘ഹെല്‍ത്ത് ഡ്രിങ്ക്സ്’ അല്ലെങ്കില്‍ ‘എനര്‍ജി ഡ്രിങ്ക്സ്’ വിഭാഗത്തില്‍ ലിസ്റ്റ് ചെയ്യരുതെന്ന് എഫ്എസ്എസ്എഐ ഈ മാസം ആദ്യം ഇ-കൊമേഴ്സ് വെബ്സൈറ്റുകളോട് ആവശ്യപ്പെട്ടിരുന്നു.
ആരോഗ്യ പാനീയങ്ങള്‍ ഇന്ത്യയിലെ ഭക്ഷ്യ നിയമങ്ങളില്‍ നിര്‍വചിച്ചിട്ടില്ലാത്തതിനാലാണിത്. തെറ്റായ വാക്കുകളുടെ ഉപയോഗം ഉപഭോക്താക്കളെ തെറ്റിദ്ധരിപ്പിക്കുമെന്നും അതിനാല്‍ പരസ്യങ്ങള്‍ നീക്കം ചെയ്യാനോ തിരുത്താനോ വെബ്സൈറ്റുകളോട് ആവശ്യപ്പെട്ടിട്ടുണ്ടെന്നും എഫ്എസ്എസ്എഐ അറിയിച്ചു. ഇതിന് പിന്നാലെയാണ് ഹോര്‍ലിക്സ് പേര് പരിഷ്കരിച്ചത്. എന്നാല്‍ ഹെല്‍ത്തി ഡ്രിങ്ക് അല്ലെന്ന് വന്നതോടെ ആ നിലയില്‍ ഹോര്‍ലിക്സ് വാങ്ങിച്ചിരുന്ന പലരും ഉപയോഗം കുറച്ചതായാണ് മാര്‍ക്കറ്റില്‍ നിന്നുള്ള വിവരം.
കുട്ടികള്‍ക്ക് ഉള്‍പ്പെടെ നിരന്തരം വീടുകളില്‍ ശീലമാക്കിയിരുന്ന ഹോര്‍ലിക്സ് ഹെല്‍ത്തി ഡ്രിങ്ക് എന്ന പേരില്‍ തന്നെയാണ് വിപണി കീഴടക്കിയത് പേര് മാറ്റത്തോടെ ഹിന്ദുസ്ഥാന്‍ യുണിലിവറിന് ഓഹരിയില്‍ കനത്ത തിരിച്ചടി നേരിടേണ്ടി വന്നു.
Discussion about this post