ന്യൂഡൽഹി: പൊതുജനങ്ങളെ തെറ്റിദ്ധരിപ്പിക്കുന്ന പരസ്യങ്ങൾ പ്രസിദ്ധീകരിച്ചതുമായി ബന്ധപ്പെട്ട കോടതിയലക്ഷ്യ കേസിൽ പതഞ്ജലി ആയുർവേദിന്റെ നടപടിയിൽ അതൃപ്തി അറിയിച്ച് സുപ്രീം കോടതി. പതഞ്ജലി മാപ്പ് പറഞ്ഞുകൊണ്ട് പത്രത്തിൽ നൽകിയ ചെറിയ പരസ്യത്തോടാണ് കോടതി അതൃപ്തി അറിയിച്ചത്.
തെറ്റിദ്ധരിപ്പിക്കുന്ന അവകാശങ്ങൾ ഉൾപ്പെട്ട പരസ്യത്തിന്റെ അത്രയും വലിപ്പം തന്നെ ഉള്ളതായിരിക്കണം മാപ്പ് പറഞ്ഞുകൊണ്ടുള്ള അറിയിപ്പെന്നും സുപ്രീം കോടതി നിരീക്ഷിച്ചു. കോടതിയലക്ഷ്യ കേസിൽ മാപ്പ് പറഞ്ഞ് പത്രങ്ങളിൽ പരസ്യം നൽകാൻ പതഞ്ജലിക്ക് സുപ്രീം കോടതി നേരത്തെ നിർദേശം നൽകിയിരുന്നു.
ഇതിന്റെ അടിസ്ഥാനത്തിൽ ഇന്നലത്തെ പത്രങ്ങളിൽ പരസ്യം നൽകിയിരുന്നതായി പതഞ്ജലിക്ക് വേണ്ടി ഹാജരായ സീനിയർ അഭിഭാഷകൻ മുകുൾ റോഹ്ത്തഗി കോടതിയെ അറിയിച്ചു. എന്നാൽ ഈ പരസ്യം സുപ്രീം കോടതിയിൽ ചൊവ്വാഴ്ച മാത്രം ഫയൽ ചെയ്തതതിനാൽ തങ്ങളുടെ മുമ്പാകെ എത്തിയില്ലെന്ന് കോടതി ചൂണ്ടിക്കാട്ടി.
ഇതിനിടെയാണ് മാപ്പ് പറഞ്ഞുകൊണ്ടുള്ള പരസ്യത്തിന്റെ വലുപ്പം കോടതി ചോദിച്ചത്. ആദ്യം നൽകിയ പരസ്യത്തിന്റെ അത്രയും വലുപ്പത്തിൽ മാപ്പ് നൽകിയാൽ ലക്ഷങ്ങൾ നൽകേണ്ടി വരുമെന്ന് റോത്തഗി കോടതി അറിയിച്ചു. എന്നാൽ, തെറ്റിദ്ധരിപ്പിക്കുന്ന പരസ്യങ്ങൾക്ക് ലക്ഷങ്ങൾ നൽകാമെങ്കിൽ എന്തുകൊണ്ട് മാപ്പ് പറഞ്ഞുകൊണ്ടുള്ള പരസ്യങ്ങൾക്കും അത്രയും തുക ചെലവഴിച്ച് കൂടാ എന്ന് സുപ്രീം കോടതി തിരിച്ചുചോദിച്ചു.
പതഞ്ജലി ആയുർവേദത്തിന് പുറമെ തെറ്റിദ്ധരിപ്പിക്കുന്ന പരസ്യങ്ങൾ നൽകുന്ന മറ്റ് ബ്രാൻഡുകൾക്ക് എതിരെ സ്വീകരിച്ച നടപടി അറിയിക്കാൻ സുപ്രീം കോടതി കേന്ദ്ര സർക്കാരിനോട് നിർദേശിച്ചിരുന്നു. ഇത്തരം ബ്രാൻഡുകൾ ഉപയോഗിക്കാൻ നിർദേശിക്കുന്ന അലോപ്പതി ഡോക്ടർമാർക്ക് എതിരെയും നടപടി ഉണ്ടാകണം എന്നും സുപ്രീം കോടതി നിരീക്ഷിച്ചു.