ന്യൂഡല്‍ഹി: പദ്മഭൂഷണ്‍ പുരസ്‌കാരം ഏറ്റുവാങ്ങിയതില്‍ സന്തോഷം പ്രകടിപ്പിച്ച് പ്രശസ്ത ഗായിക ഉഷാ ഉതുപ്പ്. തന്റെ ജീവിതത്തിലെ ഏറ്റവും വലിയ നിമിഷമാണിതെന്നും സന്തോഷം കൊണ്ട് കണ്ണുകള്‍ നിറയുകയാണെന്നും ഉഷാ ഉതുപ്പ് പറഞ്ഞു.
‘എന്നെ സംബന്ധിച്ചിടത്തോളം എന്റെ ജീവിതത്തിലെ ഏറ്റവും വലിയ നിമിഷമാണിത്. രാജ്യത്തോടും മോഡി സര്‍ക്കാരിനോടും നന്ദി. എനിക്ക് വളരെ സന്തോഷം തോന്നുന്നു. കാരണം ഒരു ശാസ്ത്രീയ സംഗീതജ്ഞയോ ക്ലാസിക്കല്‍ നര്‍ത്തകിയോ ആണെങ്കില്‍ അവാര്‍ഡ് ലഭിക്കുന്നത് സ്വാഭാവികമാണ്. എന്നാല്‍ എന്നെ പോലുള്ള സാധാരണ വ്യക്തിക്ക് പദ്മ പുരസ്‌കാരം ലഭിക്കുന്നത് വളരെ വലിയ കാര്യമാണ്. ഞാന്‍ സമാധാനത്തിലും സാഹോദര്യത്തിലും മാത്രമാണ് വിശ്വസിക്കുന്നത്. ഒരുമിച്ചു നിന്നാല്‍ മാത്രമേ പല കാര്യങ്ങളും ചെയ്യാന്‍ സാധിക്കുള്ളു എന്നാണ് എന്റെ വിശ്വാസം. എന്റെ സംഗീതത്തിലൂടെ ഞാന്‍ നിങ്ങളെ സന്തോഷിപ്പിക്കും’- ഉഷാ ഉതുപ്പ് പറഞ്ഞു.
അഞ്ച് പതിറ്റാണ്ടിലേറെയായി സംഗീത ലോകത്തെ നിറസാന്നിധ്യമാണ് ഉഷാ ഉതുപ്പ്. റംബാ ഹോ ഹോ, ഹരി ഓം ഹരി, കോയി യഹാന്‍ ആഹാ, വണ്‍ ടു ചാ ചാ ചാ, ഡാര്‍ലിംഗ് തുടങ്ങിയ നിരവധി ഹിറ്റ് ഗാനങ്ങളിലൂടെ ഉഷാ ഉതുപ്പ് പ്രേക്ഷകരെ ആകര്‍ഷിച്ചു. ഏതാനും സിനിമകളിലും ഉഷാ ഉതുപ്പ് അഭിനയിച്ചിട്ടുണ്ട്.
കഴിഞ്ഞ ദിവസമാണ് പദ്മ പുരസ്‌കാരങ്ങള്‍ രാഷ്ട്രപതി ദ്രൗപദി മുര്‍മു സമ്മാനിച്ചത്. ഡല്‍ഹിയിലെ രാഷ്ട്രപതി ഭവനില്‍ നടന്ന ചടങ്ങിലാണ് പുരസ്‌കാരങ്ങള്‍ സമ്മാനിച്ചത്. മലയാളികളുള്‍പ്പെടെ 132 പേരാണ് രാജ്യത്തിന്റെ ആദരവ് ഏറ്റുവാങ്ങിയത്. മരണാനന്തര ബഹുമതിയായി സാമൂഹിക ശാസ്ത്രജ്ഞന്‍ ബിന്ദേശ്വര്‍ പഥക്കിന് പദ്മവിഭൂഷണും രാജ്യത്തെ ആദ്യ വനിതാ ജഡ്ജിയും തമിഴ്‌നാട് ഗവര്‍ണറുമായ ഫാത്തിമാ ബീവി, നടന്‍ മിഥുന്‍ ചക്രവര്‍ത്തി, ബിജെപി നേതാവ് ഒ രാജഗോപാല്‍ എന്നിവര്‍ക്ക് പദ്മഭൂഷണും സമ്മാനിച്ചു.