പിറന്നാള്‍ ആഘോഷത്തിനിടെ പത്ത് വയസുകാരി കുഴഞ്ഞുവീണ് മരിച്ച സംഭവം; വില്ലനായത് കേക്ക്, പരിശോധന ഫലം പുറത്ത്

മാര്‍ച്ച് 24ന് നടന്ന മരണത്തെ തുടര്‍ന്ന് നടത്തിയ പരിശോധനാ ഫലമാണ് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ പുറത്തുവിട്ടത്.

പഞ്ചാബ്: പിറന്നാള്‍ ദിനത്തില്‍ കേക്ക് കഴിച്ചതിന് പിന്നാലെ പത്ത് വയസുകാരി കുഴങ്ങുവീണ് മരിച്ച സംഭവത്തില്‍ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്. മാര്‍ച്ച് 24ന് നടന്ന മരണത്തെ തുടര്‍ന്ന് നടത്തിയ പരിശോധനാ ഫലമാണ് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ പുറത്തുവിട്ടത്. വില്ലനായത് കേക്ക് ആണെന്നാണ് പുറത്ത് വരുന്ന റിപ്പോര്‍ട്ട്. കേക്കില്‍ മധുരം കൂട്ടുന്നതിന് വേണ്ടി ഉപയോഗിക്കുന്ന രാസവസ്തു അമിതമായി ചേര്‍ത്തതാണ് മരണ കാരണമായത്. ബേക്കറിയില്‍ നിന്ന് ഓണ്‍ലൈനായാണ് പെണ്‍കുട്ടിയുടെ കുടുംബം കേക്ക് വാങ്ങിയത്.

മാര്‍ച്ച് 24നാണ് പഞ്ചാബ് സ്വദേശിയായ പത്ത് വയസുകാരി മാന്‍വി തന്റെ ജന്മദിനത്തില്‍ മരണപ്പെട്ടത്. ചോക്കലേറ്റ് കേക്ക് കഴിച്ചതിന് പിന്നാലെ വീട്ടിലെ എല്ലാവര്‍ക്കും ശാരീരിക അവശതകളുണ്ടായിരുന്നു. പാട്യാലയിലെ കേക്ക് കന്‍ഹ എന്ന കടയില്‍ നിന്നാണ് ഓണ്‍ലൈനായി കുടുംബം കേക്ക് ഓര്‍ഡര്‍ ചെയ്തിരുന്നത്. മരണത്തിന് ഏതാനും മണിക്കൂറുകള്‍ മുമ്പ് മാന്‍വി കുടുംബാംഗങ്ങളോടൊപ്പം കേക്ക് മുറിക്കുന്നതും ആഘോഷിക്കുന്നതും സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ച നൊമ്പരപ്പെടുത്തുന്ന വീഡിയോയില്‍ കാണാം.

കേക്ക് കഴിച്ച് മണിക്കൂറുകള്‍ കഴിഞ്ഞപ്പോള്‍ തന്നെ കുടുംബത്തിലെ എല്ലാവര്‍ക്കും ശാരീരിക അവശതകളുണ്ടായി. മാന്‍വിയും ഇളയ സഹോദരിയും ഛര്‍ദിക്കുകയും വായില്‍ അസ്വസ്ഥതകള്‍ അനുഭവപ്പെടുകയും ചെയ്തു. പിന്നാലെ മാന്‍വി ബോധരഹിതയായി. വീട്ടുകാര്‍ ആശുപത്രിയിലേക്ക് കൊണ്ടു പോയെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. കേക്കാണ് പ്രശ്‌നമെന്ന് വീട്ടുകാര്‍ അന്ന് തന്നെ ആരോപിച്ചിരുന്നു.

ALSO READ സംവിധായകന്‍ ജോഷിയുടെ വീട്ടിലെ കവര്‍ച്ച; പ്രതിയുടെ ഭാര്യ നാട്ടില്‍ പഞ്ചായത്ത് പ്രസിഡന്റ്, പ്രതിക്കെതിരെ 19 കേസ്! കൂടുതല്‍ വിവരങ്ങള്‍ പുറത്ത്

ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥര്‍ സ്ഥലത്തെത്തി കേക്കിന്റെ അവശിഷ്ടം ശേഖരിച്ച് പരിശോധനയ്ക്ക് അയച്ചു. മധുരം ലഭിക്കാനായി ചേര്‍ക്കുന്ന കൃത്രിമ രാസവസ്തുവായ സാക്കറിന്‍ അമിത അളവില്‍ കേക്കില്‍ ചേര്‍ന്നിരുന്നതായി കണ്ടെത്തി. ഭക്ഷണങ്ങളിലും പാനീയങ്ങളിലും ചെറിയ അളവില്‍ സാക്കറിന്‍ ഉപയോഗിക്കാറുണ്ടെങ്കിലും അതിന്റെ അളവ് കൂടുന്നത് രക്തത്തിലെ ഗ്ലൂക്കോസ് അളവ് വളരെ വേഗത്തില്‍ കൂടാന്‍ ഇടയാക്കും. ബേക്കറി ഉടമയെക്കെതിരെ നടപടി സ്വീകരിക്കുമെന്നും ഇതിനോടകം തന്നെ എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ടെന്നും അധികൃതര്‍ വ്യക്തമാക്കി.

Exit mobile version